റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിന്; പണം ആറ് വയസ്സുകാരന്റെ ചികിത്സയ്ക്കു വേണ്ടി

സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ അടിച്ച ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം തീരാൻ നിൽക്കാതെ തന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞു കൊണ്ട് കളം വിട്ടത് വലിയ വാർത്തയായിരുന്നു. അന്ന് വലിച്ചെറിഞ്ഞ ആം ബാൻഡ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ലേലത്തിന് വച്ചിരിക്കുകയാണ്.

ഗുരുതര രോഗം ബാധിച്ച ആറു വയസ്സുകാരന്റെ ചികിത്സക്ക് പണം കണ്ടെത്തുവാൻ സെർബിയയിലെ ചാരിറ്റി സംഘടനയാണ് ആം ബാൻഡ് ലേലത്തിന് വച്ചിരിക്കുന്നത്. ശരീരം തളർന്ന് പോകുന്ന സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. ഇത് ഭേദമാക്കാൻ വേണ്ടി നടത്തുന്ന ശസ്ത്രക്രിയക്ക് പണം കണ്ടെത്തുവാനാണ് ലേലം സംഘടിപ്പിക്കുന്നത്.

സെർബിയയുമായി നടന്ന മത്സരത്തിൽ റൊണാൾഡോ അടിച്ച പന്ത് ഗോൾ വര കടന്നിട്ടും റഫറി ഗോൾ അനുവദിച്ചിരുന്നില്ല. ഇതേ തുടന്നായിരുന്നു ആം ബാൻഡ് വലിച്ചെറിഞ്ഞ് താരത്തിന്റെ പ്രതിഷേധം. ശനിയാഴ്ച നടന്ന മത്സരത്തിൽ കളിയുടെ അവസാന നിമിഷത്തിൽ ഇരു ടീമുകളും 2-2ന് സമനില പാലിച്ചു നിൽക്കെയായിരുന്നു റൊണാൾഡോയുടെ ഗോൾ വന്നത്. റഫറി ഗോൾ അനുവദിക്കാത്തതിനെ തുടർന്ന് മത്സരം സമനിലയിൽ പിരിഞ്ഞു. പോർച്ചുഗലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

റഫറിയുടെ തീരുമാനത്തിൽ രോഷാകുലനായ റൊണാൾഡോ കളം വിടുകയും ക്യാപ്റ്റന്റെ ആം ബാൻഡ് ഗ്രൗണ്ടിൽ വലിച്ചെറിയുകയും ചെയ്തു. താരം വലിച്ചെറിഞ്ഞ ആം ബാൻഡ് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാർ എടുക്കുകയും സെർബിയയിലെ ജീവകാരുണ്യ സംഘടനക്ക് കൈമാറുകയും ചെയ്തു. അവരാണ് ഇത് ലേലം ചെയ്യാൻ തീരുമാനിച്ചത്. മൂന്ന് ദിവസമാണ് റൊണാൾഡോ ധരിച്ച ഈ ആം ബാൻഡ് ലേലത്തിനുണ്ടാവുക.

റൊണാൾഡോയുടെ പ്രവർത്തി ചട്ടലംഘനമാണോ എന്ന് പരിശോധിക്കാൻ ഫിഫ ഗവേണിംഗ് ബോഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, റൊണാൾഡോയുടെ ഗോൾ നിഷേധിച്ച റഫറി പിന്നീട് മാപ്പ് പറഞ്ഞു. മത്സരശേഷം ഡച്ച് റഫറി ഡാനി മക്കലി തന്റെ അടുത്ത് വന്നു മാപ്പ് പറഞ്ഞുവെന്ന് പോർച്ചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് പറഞ്ഞത്.

ആദ്യ പകുതിയിൽ രണ്ടു ഗോളുകളുടെ ലീഡുമായി നിന്ന പോർച്ചുഗലിനെതിരെ രണ്ട് ഗോൾ തിരിച്ചടിച്ച് സെർബിയ ഒപ്പം പിടിച്ചു നിൽക്കുകയായിരുന്നു. കളിയിൽ അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് പെനൽറ്റി ബോക്‌സിനരികെ കാലിൽ കിട്ടിയ പന്തിനെ നിയന്ത്രിച്ച് ഗോളിയെ കബളിപ്പിച്ച് ഗോൾ പോസ്റ്റിലേക്ക് റൊണാൾഡോ തട്ടിയിട്ട പന്ത് ഓടിയെത്തിയ സെർബിയൻ താരം സ്റ്റീഫൻ മിത്രോവിച്ച് തട്ടിയകറ്റിയത്.

എന്നാൽ മിത്രോവിച്ച് തട്ടിയുടന്നതിന് മുന്നേ തന്നെ പന്ത് ഗോൾ പോസ്റ്റിലെ വെള്ള വര കടന്നിരുന്നു. റിപ്ലേകളിൽ പന്ത് ഗോൾവര കടന്നെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോൾ അനുവദിച്ചു കൊടുത്തില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വാറും ഗോൾ ലൈൻ സാങ്കേതിക വിദ്യയും ഉപയോഗിക്കാത്തതു കൊണ്ടാണ് റൊണാൾഡോയുടെ ഗോൾ “ഗോൾ” ആവാതെ പോയത്. മത്സര ശേഷം കളിയുടെ റീപ്ലേ കണ്ടതിനു ശേഷമായിരുന്നു റഫറി പോർച്ചുഗൽ പരിശീലകന്റെ അടുത്തെത്തി മാപ്പ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News