ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതി. പാലക്കാട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി അരുണാണ് പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്. അരുണിന്‍റെയും ഇരട്ട സഹോദരന്‍റെയും വോട്ട് കള്ളവോട്ട് ചെയ്യാനായുണ്ടാക്കിയ ഇരട്ട വോട്ടാണെന്ന തരത്തില്‍ വെബ്സൈറ്റ് വഴിയും സമൂഹ മാധ്യമം വഴിയും വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ തോട്ടക്കരയിലെ 135-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ 642-ാം നമ്പര്‍ വോട്ടറാണ് അരുൺ. അരുണിന്‍റെ ഇരട്ട സഹോദരന്‍ വരുണ്‍ ഇതേ പോളിംഗ് ബൂത്തിലെ 641-ാം നമ്പര്‍ വോട്ടറാണ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വെബ് സൈറ്റ് വഴി പുറത്തു വിട്ട പട്ടികയില്‍ അരുണിന്‍റെയും വരുണിന്‍റെയും പേരുകള്‍ ഇരട്ട വോട്ടാണെന്ന രീതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അടിസ്ഥാന രഹിതമായ കാര്യം സമൂഹമാധ്യമത്തിലൂടെയും വെബ്സൈറ്റിലൂടെയും പ്രചരിപ്പിച്ചതായാണ് പരാതി. തന്നെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ നടത്തിയ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അരുണ്‍ ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്.
ഇരട്ട വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വെബ്സൈറ്റ് വഴി പുറത്ത് വിട്ട ഇരട്ട വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കാണിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.