തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം ; ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പൊലീസ് കേസെടുത്തു

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പോലീസ് കേസെടുത്തു. നിലവില്‍ ഇല്ലാത്ത സിവില്‍ സര്‍വ്വീസ് പദവി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിലാണ് വരണാധികാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.

ജനപ്രാതിനിത്യ നിയമത്തിന്‍റെയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെയും ലംഘനത്തിനാണ് ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സരിനെതിരെ വരണാധികാരിയായ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍റെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. സരിന്‍റെ പ്രചാരണ ബോര്‍ഡുകളിലും നോട്ടീസുകളിലുമെല്ലാം ഐഎഎഎസ് പദവി ഉപയോഗിച്ചിരുന്നു.

നേരത്തെ വഹിച്ചിരുന്ന പദവി രാജിവെച്ച് ഒ‍ഴിഞ്ഞ ശേഷവും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പേരിനൊപ്പം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സരിന് വരണാധികാരി വിശദീകരണമാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

 ഐഎഎഎസ് പദവി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് 24 മണിക്കൂറിനകം നീക്കം ചെയ്യാനും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇല്ലാത്ത പദവി തുടര്‍ന്നും പ്രചാരണത്തിനുപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വരണാധികാരിയുടെ പരാതിയില്‍ കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 170ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വരണാധികാരി നല്‍കിയ നോട്ടീസിന് തന്‍റെ അറിവോടെയല്ല നേരത്തെ ഉണ്ടായിരുന്ന പദവി പ്രചാരണത്തിന് ഉപയോഗിച്ചതെന്നായിരുന്നു സരിന്‍ മറുപടി നല്‍കിയത്. എന്നാല്‍ തുടര്‍ന്നും പദവി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുകയായിരുന്നു. 2016ലാണ് ഇന്ത്യന്‍ അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റ് സര്‍വ്വീസിലെ ഉദ്യോഗസ്ഥനായിരുന്ന സരിന്‍ പദവി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News