പുൽവാമയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുൽവാമ ജില്ലയിലെ കാക്കാപ്പോറയിലെ ഗാത്ത് മുഹല്ല പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

പോലീസ്, സൈന്യം, സിആർപിഎഫ് വിഭാഗങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഭീകരർ ആദ്യം വെടിയുതിർത്തതിന് പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു. ആദ്യം കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഭീകരർ വഴങ്ങിയില്ല. തുടർന്ന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞത്.

ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികൾക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. ഇസ്രത് ജാൻ, ഗുലാം നബി ദാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് നൗഗാം ആക്രമണവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നൗഗാമിൽ ബിജെപി നേതാവ് അൻവർ ഖാനെ വീട്ടിലെത്തി കൊലപ്പെടുത്താൻ ഭീകരർ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News