കാഞ്ഞിരപ്പള്ളിയിൽ എല്ലാം വ്യക്തം

മണ്ഡലം പ്രചാരണച്ചൂടിൽ തന്നെയാണ്‌. മത്സരിക്കുന്നത്‌ മൂന്ന്‌ മുൻ ജനപ്രതിനിധികൾ. എൽഡിഎഫിനു വേണ്ടി സിറ്റിങ്‌ എംഎൽഎ കൂടിയായ ഡോ. എൻ ജയരാജും യുഡിഎഫിനു വേണ്ടി കോൺഗ്രസിന്റെ ജോസഫ്‌ വാഴയ്‌ക്കനും എൻഡിഎയ്‌ക്ക്‌ വേണ്ടി അൽഫോൺസ്‌ കണ്ണന്താനവും. ഇടതുപക്ഷ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി എൻ ജയരാജിന്റെ പൊതുപര്യടനം ആവേശകരമായി മുന്നേറുന്നു. ജോസഫ്‌ വാഴയ്‌ക്കനു വേണ്ടി വോട്ട്‌ ചോദിക്കാനുള്ള ആവേശം ഇനിയും കോൺഗ്രസിന്‌ കാര്യമായി വന്നിട്ടില്ല. കേന്ദ്രസർക്കാർ നാടിനുവേണ്ടി ചെയ്‌ത കാര്യങ്ങൾ എടുത്തുകാട്ടാൻ കണ്ണന്താനത്തിനുമില്ല.

മലനാടിന്റെ അഭിമാനമായി എൻ ജയരാജ്‌ ഇതിനകം എല്ലാ മേഖലയിലും പ്രചാരണത്തിന്‌ എത്തിക്കഴിഞ്ഞു. ഓരോ നാട്ടിലുമെത്തുമ്പോൾ അവിടെ എംഎൽഎ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ ചൂണ്ടിക്കാട്ടാനുണ്ട്‌ ജയരാജിന്‌. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം, കാത്ത്‌ ലാബ്‌, ബിഎം–-ബിസി ചെയ്‌ത റോഡുകൾ, പുതിയ കുടിവെള്ള പദ്ധതികൾ എന്നിവ എടുത്തുപറയേണ്ട നേട്ടങ്ങളാണ്‌. ജയരാജിന്റെ വികസന നിലപാടിന്റെ ആത്മവിശ്വാസം എൽഡിഎഫ്‌ പ്രവർത്തകരിലുമുണ്ട്‌.

പ്രചാരണം കൊഴുപ്പിക്കാൻ മൂന്നു മുന്നണികളിലെയും ഏറ്റവും പ്രമുഖ നേതാക്കൾ എത്തിയ മണ്ഡലമാണ്‌ കാഞ്ഞിരപ്പള്ളി. എൽഡിഎഫിനു വേണ്ടി സീതാറാം യെച്ചൂരി, യുഡിഎഫിനു വേണ്ടി രാഹുൽ ഗാന്ധി, എൻഡിഎയ്‌ക്കു വേണ്ടി അമിത്‌ഷാ എന്നിവരെത്തി.

യുഡിഎഫിൽ അടിത്തട്ടിലെ പ്രവർത്തനങ്ങൾ ചുടാകാത്തതിനാൽ കോൺഗ്രസ്‌ നേതൃത്വത്തിനുള്ള അതൃപ്‌തി മാറിയിട്ടില്ല‌. പി സി ജോർജിനെ യുഡിഎഫിലേക്ക്‌ കൊണ്ടുവരാൻ എല്ലാ കളിയും കളിച്ചയാളെന്ന നിലയിൽ വാഴയ്‌ക്കനോടുള്ള നീരസം ഇപ്പോഴും ചില കോൺഗ്രസുകാർ പരസ്യമായി പ്രകടിപ്പിക്കുന്നു. ഗ്രൂപ്പ്‌ പ്രശ്‌നങ്ങൾ വേറെ. എൽഡിഎഫിനെ വിമർശിക്കാൻ എതിരാളികൾ ഇപ്പോഴും പയറ്റുന്നത്‌ കാഞ്ഞിരപ്പള്ളി ബൈപ്പാസ്‌ വൈകുന്ന വിഷയമാണ്‌. ഇത്‌ സംബന്ധിച്ച്‌ എൻ ജയരാജ്‌ വ്യക്തത വരുത്തിയതോടെ ആ പ്രചാരണം ഏതാണ്ട്‌ ഒതുങ്ങി. കേസിൽ കിടന്നതുകൊണ്ട്‌ മാത്രം വൈകിയ ബൈപ്പാസ്‌ നിർമാണത്തിന്റെ നൂലാമാലകൾ അഴിച്ചു.‌ മൂന്നു വർഷത്തിനകം പൂർത്തിയാകുകയും ചെയ്യും.

കേന്ദ്രമന്ത്രിയായപ്പോൾ കണ്ണന്താനം കൊടുത്ത വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കിയിരുന്നില്ല. ഇതിനു മറുപടി പറയേണ്ട അവസ്ഥയിലാണ്‌ എൻഡിഎ സ്ഥാനാർഥി. ഇതിൽനിന്ന്‌ തടിയൂരാൻ പതിവുപോലെ‌ ശബരിമലയും മതവും പയറ്റി‌ വോട്ട്‌ പിടിക്കാൻ എൻഡിഎ കിണഞ്ഞ്‌ പരിശ്രമിക്കുന്നുണ്ട്‌. അതേസമയം, ചോദ്യം ചെയ്യലിന്‌ ഇടവരുത്താത്ത പ്രവർത്തന പാരമ്പര്യമുള്ള എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ കാര്യങ്ങൾ ഏറെ എളുപ്പമായി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News