മ്യാന്മറിൽ ആഭ്യന്തരകലാപത്തിന്‌ 
സാധ്യത: യുഎൻ

മ്യാന്മറിൽ വലിയ തോതിലുള്ള ആഭ്യന്തര കലാപത്തിന്‌ സാധ്യതയെന്ന്‌ മ്യാന്മറിലെ യുഎൻ പ്രതിനിധി ക്രിസ്റ്റീൻ ഷ്രാനർ ബർഗ്‌നർ‌. ജനാധിപത്യം പുനഃസ്ഥാപിച്ചാൽ മാത്രമേ ഇത്‌ ഒഴിവാക്കാനാകൂ എന്നും രക്ഷാസമിതി ഉടൻ ഇടപെടണമെന്നും ക്രിസ്‌റ്റീൻ ഓൺലൈൻ ബ്രീഫിങ്ങിൽ പറഞ്ഞു.

‘ഏഷ്യയുടെ ഹൃദയഭാഗം’ ദുരന്തഭൂമിയാകുന്നത്‌ തടയാൻ അയൽ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ ഇടപെടണം. ഇതുവരെ 536 പേരെയാണ്‌ സൈന്യം കൊന്നത്‌. 2729 പേരെ അറസ്‌റ്റ്‌ ചെയ്തു. തുടർച്ചയായി സൈന്യത്താൽ ആക്രമിക്കപ്പെടുന്ന കിഴക്ക്‌, പടിഞ്ഞാറൻ മേഖലകളിലെ ഗോത്രവംശങ്ങൾ കടുത്ത അമർഷത്തിലാണ്‌‌. ബുധനാഴ്ച കരേൻ ഗോറില്ലകൾ സൈനിക ഔട്ട്‌പോസ്‌റ്റ്‌ പിടിച്ചെടുത്തു. കചിൻ, റഖൈൻസ്‌ ആരകൻ ആർമി എന്നീ വിഭാഗങ്ങളും സൈനിക അട്ടിമറിയെ പരസ്യമായി തള്ളിപ്പറഞ്ഞു. സൈനിക ആക്രമണത്തിൽനിന്ന്‌ രക്ഷതേടി ചൈന, തായ്‌ലൻഡ്‌ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക്‌ ആയിരങ്ങൾ പലായനം ചെയ്യുന്നു‌.

അതേസമയം, സൈനികഭരണത്തിൽ 2008ൽ നിലവിൽവന്ന ഭരണഘടന അസാധുവായതായി പ്രഖ്യാപിച്ച്‌ ജനാധിപത്യവാദികൾ രംഗത്തെത്തി. ‘മ്യാന്മർ പാർലമെന്റിനെ പ്രതിനിധാനംചെയ്യുന്ന കമ്മിറ്റി’ (സിആർപിഎച്ച്)‌ ആണ്‌ നവമാധ്യമത്തിൽ ഈ പ്രഖ്യാപനം നടത്തിയത്‌. ഇടക്കാല ഭരണഘടനയായി ‘ഫെഡറൽ ഡെമോക്രസി ചാർട്ടറും’ പുറത്തിറക്കി. സൈനികഭരണം അവസാനിപ്പിക്കുന്നതും ന്യൂനപക്ഷ ഗോത്രങ്ങൾക്ക്‌ കൂടുതൽ അധികാരം നൽകുന്നതുമാണ്‌ ചാർട്ടർ.

ഗോത്രവിഭാഗങ്ങൾ പ്രതിരോധം ശക്തമാക്കിയതോടെ സൈന്യം ഒരുമാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ‘എന്നാൽ, സമാധാനം തകർക്കാനും ഭരണസംവിധാനം അട്ടിമറിക്കാനും ശ്രമിക്കുന്നവർക്ക്‌’ ഇത്‌ ബാധകമല്ലെന്നും സൈന്യം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News