എറണാകുളം ജില്ലയിൽ ഇക്കുറി വിധി നിർണയിക്കുക അടിയൊഴുക്കുകള്‍

യുഡിഎഫ് മേധാവിത്വം അവകാശപ്പെടുന്ന എറണാകുളം ജില്ലയിൽ ഇക്കുറി വിധി നിർണയിക്കുക അടിയൊഴുക്കുകളാകും. അഞ്ച് മണ്ഡലങ്ങളിലെങ്കിലും 20 ട്വൻ്റി പിടിക്കുന്ന വോട്ടുകൾ യുഡിഎഫിന് നിർണായകമാണ്.

സഭാ തർക്കം യാക്കോബായ സഭാ വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്നത് യുഡിഎഫ് സ്ഥാനാർഥികളെ ആശങ്കപ്പെടുത്തുന്നു. കൂടാതെ പാലാരിവട്ടം പാലം നിർമാണ അഴിമതിയും നഗര വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകമാണ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ഇടതു തരംഗം ആഞ്ഞുവീശിയപ്പോഴും യുഡിഎഫിനൊപ്പം ഉറച്ചു നിന്ന ജില്ലയാണ് എറണാകുളം. പതിനാലിൽ ഒമ്പത് ഇടത്തും യുഡിഎഫ് ജയിച്ചു. സംസ്ഥാനത്താകെ ഇപ്പോൾ അലയടിക്കുന്ന പിണറായി തരംഗത്തിനിടയിലും എറണാകുളം ജില്ലയിൽ യുഡിഎഫ് വിജയ പാരമ്പര്യം ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാൽ അടിയൊഴുക്കുകൾ സൃഷ്ടിച്ചേക്കാവുന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ്. 6 മണ്ഡലങ്ങളിലെങ്കിലും ട്വൻറി 20 പിടിക്കുന്ന വോട്ടുകൾ യുഡിഎഫിന് നിർണായകമാണ്. മധ്യവർഗ്ഗ വലതുപക്ഷ വോട്ടുകളിൽ കടന്നുകയറാൻ ട്വൻറി 20 ക്ക് കഴിഞ്ഞുവെന്ന് കുന്നത്തുനാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം
തെളിയിച്ചു.

യുഡിഎഫിൻ്റെ നിയന്ത്രണത്തിലായിരുന്ന നാല് പഞ്ചായത്തുകൾ പിടിച്ച ട്വൻറി 20 കുന്നത്ത് നാട് നിയമസഭാ മണ്ഡലത്തിലും ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. കേവലം 2679 വോട്ടുകൾ മാത്രമായിരുന്നു യുഡിഎഫിലെ വി പി സജീന്ദ്രൻ്റെ 2016 ലെ ലീഡ്.

20 ട്വൻ്റി പിടിക്കുന്ന ഓരോ വോട്ടും അത് കൊണ്ടു തന്നെ യുഡിഎഫിൽ ആശങ്ക സൃഷ്ടിക്കുന്നു. തൃക്കാക്കര മൂവാറ്റുപുഴ എറണാകുളം കോതമംഗലം വൈപ്പിൻ എന്നിവിടങ്ങളിലും ട്വൻറി 20 യുടെ പെട്ടിയിൽ വീഴുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കും.

ജില്ലയെ സ്വാധീനിക്കാവുന്ന മറ്റൊരു ഘടകമാണ് യാക്കോബായ വോട്ടുകളുടെ നിലപാട്. പരമ്പരാഗത വലത് വോട്ടർമാരായ യാക്കോബായ വിശ്വാസികളിൽ ഇക്കുറി പ്രകടമാകുന്ന ഇടത് ആഭിമുഖ്യം യുഡിഎഫിന് തലവേദനയാണ്. കുന്നത്തുനാട്, പെരുമ്പാവൂർ, പിറവം, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ യാക്കോബായ വോട്ടുകൾ നിർണായകമാണ്.

കൊച്ചിയിലെ മധ്യവർഗ്ഗ നഗര വോട്ടറന്മാരിൽ പ്രതികരണം സൃഷ്ടിച്ചേക്കാവുന്ന ഒന്നാണ് പാലാരിവട്ടം പാലം നിർമ്മാണ അഴിമതി. ഇബ്രാഹിംകുഞ്ഞിൻ്റെ മകൻ ജനവിധി തേടുന്ന കളമശ്ശേരിയിൽ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും ഇതിൻ്റെ അലയൊലി പ്രകടമാണ്. ചുരുക്കത്തിൽ അടിയൊഴുക്കുകൾ സൃഷ്ടിച്ചേക്കാവുന്ന വോട്ട് ചോർച്ചയുടെ അങ്കലാപ്പിലാണ് എറണാകുളം ജില്ലയിൽ യുഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News