ചെറുകിട നിക്ഷേപ പലിശ കുറക്കല്‍: തീരുമാനം മരവിപ്പിച്ചത് താല്‍ക്കാലികം, പ്രതിഷേധിക്കുക: ബെഫി

സാധാരണക്കാരുടെ നിക്ഷേപ പലിശ വെട്ടിക്കുറക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിലവാരത്തില്‍ കുറവ് വരുത്തിയതുപോലെ, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി മാത്രമാണ് ചെറു നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറവ് മരവിപ്പിച്ചതെന്നും ബെഫി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേന്ദ്ര ധനമന്ത്രാലയം 2021 മാര്‍ച്ച് 31ന് പുറത്തിറക്കിയ മെമ്മോറാണ്ടം 1/4/2019 പ്രകാരം ചെറു നിക്ഷേപങ്ങള്‍ക്കുള്ള പലിശ, 2021 ഏപ്രില്‍ 1 മുതല്‍ വെട്ടിച്ചുരുക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ സാധാരണ ജനവിഭാഗങ്ങളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും എതിര്‍പ്പ് ഭയന്ന്, അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, അത് തല്‍ക്കാലം പിന്‍വലിക്കപ്പെട്ടു. അശ്രദ്ധയോടെ ഉത്തരവ് ഇറക്കിയതാണ് (By oversight) എന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ ഉണ്ടാകാനിടയുള്ള എതിര്‍പ്പ് ശ്രദ്ധിക്കാതെ ഉത്തരവിറക്കിപ്പോയെന്നതാണ് യാഥാര്‍ത്ഥ്യം.

2014 ല്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത സമയത്ത് മുതിര്‍ന്ന പൗരന്‍മാരുടെ അഞ്ചു വര്‍ഷത്തെ ചെറുകിട നിക്ഷേപത്തിന് 9.2ശതമാനവും മറ്റുള്ള നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനുമായിരുന്നു പലിശ നിരക്ക്. അത് ചുരുക്കിച്ചുരുക്കി ഇപ്പോള്‍ യഥാക്രമം 7.4% ഉം 6.7% ഉം ആയാണ് നിലനില്‍ക്കുന്നത്. അത് പുതിയ ഉത്തരവിലൂടെ 6.5 ശതമാനവും 5.8 ശതമാനമായി കുറക്കുന്നതായ ഉത്തരവാണ് കഴിഞ്ഞ ദിവസം ‘അശ്രദ്ധയോടെ’ പുറത്തിറക്കിയത്.

ഇതേ കാലയളവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ 8.50 മുതല്‍ 8.75 ശതമാനം വരെ പലിശയുണ്ടായിരുന്ന സ്ഥിര നിക്ഷേപങ്ങളടെ പലിശയും പടിപടിയായിക്കുറച്ച് 5.50 ശതമാനത്തിന് താഴെ എത്തി നില്‍ക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് (Inflation) ആറു ശതമാനത്തില്‍ താഴെ മാത്രമാണെന്നത് കണക്കിലെടുത്താന്‍ സാധാരണ നിക്ഷേപത്തിന് മൈനസ് നിരക്കിലുള്ള പലിശയാണ് യഥാര്‍ത്ഥത്തില്‍ നിലവിലുള്ളത് എന്ന് ചുരുക്കം.

എന്‍ഡിഎ സര്‍ക്കാരിന്റെ തുടക്ക കാലത്ത്, 2014 നവംബര്‍ മാസത്തില്‍ കുക്കിംഗ് ഗ്യാസിന് ലഭിച്ചിരുന്ന സബ്‌സിഡി 568 രൂപയായിരുന്നു. ഇന്ന് അത് പൂര്‍ണമായും നിറുത്തലാക്കി. മാത്രമല്ല കഴിഞ്ഞ നാലു മാസക്കാലത്തിനിടക്ക് കുക്കിംഗ് ഗ്യാസിന് 225 രൂപ വിലവര്‍ദ്ധിപ്പിക്കുകയും ചെയ്തു. അതായത് 40 ശതമാനം വര്‍ദ്ധനവ്. മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവും നമ്മള്‍ കാണുന്നതാണ്. വിലനിലവാരം സര്‍ക്കാരല്ല നിയന്ത്രിക്കുന്നത് എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കുക്കിംഗ് ഗ്യാസ് ഉള്‍പ്പടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയരുന്നില്ല എന്ന് മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ വിലനിലവാരത്തില്‍ ചെറിയ കുറവും വരുത്തുകയുണ്ടായി.

ചെറു നിക്ഷേപങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടേതാണ്. സാധാരണക്കാരന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയും വന്‍കിടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ചെറു നിക്ഷേപങ്ങളുടെ പലിശ കുറയുന്നതോടെ സാധാരണക്കാര്‍ക്കും പെന്‍ഷന്‍ പറ്റിയ മുതിര്‍ന്ന പൗരന്‍മാര്‍ക്കും അവരുടെ ചെറു നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവു വരും. ഇതിനെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ബെഫി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News