കലാശക്കൊട്ടിന് വിലക്ക്; നിയന്ത്രണം ലംഘിച്ചാൽ പൊലീസ് കേസെടുക്കും; പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി ഉത്തരവിറക്കി. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പൊലീസ് കേസെടുക്കും.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം ഞാറാ‍ഴ്ച വൈകീട്ടാണ് സമാപിക്കുക. ഇൗ സാഹചര്യത്തിൽ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ പാർട്ടികളും കര്‍ശനമായി പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. ആൾക്കൂട്ടം പൂർണമായും ഒ‍ഴിവാക്കണം.

നിയന്ത്രണം ലംഘിച്ചാണ് പൊലീസ് കേസെടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന കേന്ദ്ര മുന്നറിയിപ്പ് , ഒപ്പം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി.

തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ ഉച്ചഭാഷിണികൾ നിരോധിച്ചു. തെരഞ്ഞെടുപ്പിന് 72 മണിക്കൂർ മുൻപ് മുന്നണികളുടെ ബൈക്ക് റാലികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിരോധിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ, പ്രചാരണം, പ്രചാരണ സാമഗ്രികൾ കൊണ്ടുപോവുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഇതു പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News