ഭരണത്തുടര്‍ച്ച കേരളീയരുടെ പൊതുമുദ്രാവാക്യമാണ്; എല്ലാം തകര്‍ക്കുന്നവര്‍ക്കല്ല നിര്‍മിക്കുന്നവര്‍ക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു: പിണറായി വിജയന്‍

ഭരണത്തുടർച്ച കേരളീയരുടെ പൊതു മുദ്രാവാക്യമായെന്ന് പിണറായി വിജയന്‍. എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, നിർമിക്കുന്നവർക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു.

അഞ്ചുവർഷത്തെ നേട്ടങ്ങൾ തകർക്കാൻ ആർക്കും വിട്ടുകൊടുക്കരുതെന്ന ബോധ്യത്തിന്‍റെ ഘട്ടമാണിത്. തെറ്റിദ്ധരിക്കപ്പെടലുകള്‍ക്ക് വ‍ഴിപ്പെടാത്ത ജനങ്ങളുടെ പ്രബുദ്ധതയിൽ എല്‍ഡിഎഫിന് അചഞ്ചലമായ വിശ്വാസമുണ്ടെന്നും ദേശാഭിമാനി ലേഖനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളം പോളിംഗ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തുടര്‍ഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശാഭിമാനി ലേഖനത്തില്‍ കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നു. ഓഖി,പ്രളയം, നിപാ കോവിഡ് പ്രതിസന്ധികളെ സര്‍ക്കാര്‍ അതിജീവിക്കുകയും വികസനവും ജനക്ഷേമവും പരസ്പര പൂരകമായി കൊണ്ട് പോവുകയും ചെയ്തു.

അഞ്ചുവർഷത്തെ ഇത്തരം നേട്ടങ്ങള്‍ ജീവിതാനുഭവത്തിന്‍റെ ഉരകല്ലിൽ ഉരച്ചുനോക്കുന്ന കേരളീയരുടെ പൊതു മുദ്രാവാക്യമാണ് ഭരണത്തുടര്‍ച്ചയെന്ന് പിണറായി വ്യക്തമാക്കുന്നു. കിഫ്ബി നിർത്തും, കേരള ബാങ്ക് പൂട്ടിക്കും, കുടുംബശ്രീ പിരിച്ചുവിടും ,ലൈഫ് ഇല്ലാതാക്കും തുടങ്ങിയ ആക്രോശങ്ങൾ കേൾക്കുമ്പോൾ ഞെട്ടുകയാണ്.

എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, എല്ലാം നിർമിക്കാൻ നിൽക്കുന്നവർക്കാണ് വോട്ട് എന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട; ഇനി ഒന്നും ബാക്കിയില്ല എന്ന നൈരാശ്യത്തിൽനിന്ന് നമുക്ക് നേടാനേയുള്ളൂ എന്ന മുദ്രാവാക്യവുമായി നാടിനെ നയിച്ചവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും പിണറായി വ്യക്തമാക്കുന്നു.

പശ്ചാത്താപംകൊണ്ട് പിന്നീട് തിരുത്താനാകുന്നതല്ല കൈയബദ്ധങ്ങൾ. പ്രലോഭനങ്ങൾക്കോ പ്രകോപനങ്ങൾക്കോ തെറ്റിദ്ധരിപ്പിക്കലുകൾക്കോ വഴിപ്പെടാത്ത ജനതയുടെ സമുന്നതമായ ജനാധിപത്യ പ്രബുദ്ധതയിൽ അചഞ്ചലമായ വിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അനവധാനതമൂലമുള്ള കൈത്തെറ്റുണ്ടായാൽ നേടിയതൊക്കെ നഷ്ടപ്പെട്ടുപോകാം; നേടേണ്ടതൊക്കെ എന്നേക്കുമായി അകന്നുപോകാമെന്നും ദേശാഭിമാനി ലേഖനത്തില്‍ പിണറായി മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News