പ്രവാസികൾക്കും കുടുംബങ്ങൾക്കും സാന്ത്വനമായ ഇടതുസർക്കാർ തുടരണം – പ്രവാസി സംഘടനകൾ

പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രവാസികൾക്ക് സാന്ത്വനമായി മാറിയ ഇടതുഭരണം തുടരേണ്ടത് പ്രവാസികളുടെയും പ്രവാസികളെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെയും ആവശ്യമാണെന്ന് അബുദാബിയിലെ പ്രവാസി സംഘടനകൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കോവിഡിനെ തുടർന്ന് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴുണ്ടായ പ്രതിസന്ധിയിൽ പ്രവാസികൾ അകപ്പെട്ടപ്പോൾ “നിങ്ങൾ കുടുംബത്തെ ഓർത്ത് ആകുലപ്പെടേണ്ടതില്ല. അവരെ ഞങ്ങൾ സംരക്ഷിച്ചോളാം. നിങ്ങളുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കുക”എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്ത്വന വചനങ്ങൾ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുകയുണ്ടായി. തുടർന്ന് ഭക്ഷണക്കിറ്റായും മരുന്നായും ചികിത്സയായും സർക്കാരിന്റെ കരുതൽ പ്രവാസികളുടെ കുടുംബങ്ങളിൽ എത്തുകയായിരുന്നു.

നാട്ടിലെത്തുന്ന പ്രവാസികളാണ് കോവിഡ് വ്യാപനം നടത്തുന്നതെന്ന പ്രചാരണങ്ങൾ വ്യാപകമായപ്പോൾ “നമ്മൾ എത്രമാത്രം കേരളീയരാണോ അത്രമാത്രമോ അതിൽ കൂടുതലോ കേരളീയരാണ് പ്രവാസികൾ”എന്ന് പറഞ്ഞുകൊണ്ട് പ്രചരണങ്ങളെ പ്രതിരോധിച്ച മുഖ്യമന്ത്രി പ്രവാസികൾക്ക് പകർന്നു നൽകിയ ആത്മധൈര്യം ചെറുതല്ലായിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും അവധിക്ക് നാട്ടിലെത്തി ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേയ്ക്ക് തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5000 രൂപവീതവും വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച പ്രവാസിമലയാളികള്‍ക്ക് 10,000 രൂപവീതവും സര്‍ക്കാര്‍ നല്‍കുകയുണ്ടായി.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും അവര്‍ക്ക് വേണ്ട അവശ്യം ആവശ്യമായ വസ്തുക്കളും ഭക്ഷണവും ചികിത്സയും മരുന്നും സര്‍ക്കാര്‍ സൗജന്യമായി നല്‍കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങള്‍ അവരുടെ നാട്ടുകാരായ പ്രവാസികള്‍ക്ക് നേരെ മുഖം തിരിഞ്ഞുനിന്ന സാഹചര്യത്തിലായിരുന്നു കേരളത്തിലെ ഇടതു സര്‍ക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായ നിലപാട് സ്വീകരിച്ചത്.

ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയും ഇറങ്ങുന്ന വിമാനത്താവളത്തിലും കോവിഡ് പരിശോധന കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ കേരളത്തിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രവാസികളുടെ ആര്‍ടിപിസിആര്‍ കോവിഡ് ടെസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കുകയായിരുന്നു.
ഇടതുപക്ഷം അധികാരത്തിലേറുമ്പോള്‍ പ്രവാസി ക്ഷേമ പെന്‍ഷന്‍ കേവലം 1000 രൂപയായിരുന്നു. അത് 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഇടത് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.

പ്രവാസി ക്ഷേമപെൻഷൻ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നുള്ള വാഗ്ദാനം ഉൾപ്പെടെ ഇരുപതിലേറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവാസികൾക്ക് മാത്രമായി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇടതുപക്ഷമായതുകൊണ്ട് വാഗ്ദാനങ്ങള്‍ കേവലം തെരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള വാചകക്കസർത്തല്ല എന്ന കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവ സാക്ഷ്യം പ്രവാസികളുടെ പ്രതീക്ഷകൾക്ക് ഏറെ വക നൽകുന്നുവെന്ന് ലോക കേരള സഭ അംഗങ്ങളായ എ. കെ. ബീരാൻകുട്ടി, ബാബു വടകര, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ലായിന മുഹമ്മദ്, ശക്തി തിയറ്റേഴ്‌സ് അബുദാബി ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, യുവകലാസാഹിതി പ്രസിഡന്റ് എം. സുനീർ, ജനറൽ സെക്രട്ടറി മനു കൈനകരി, ഐഎംസിസി പ്രസിഡന്റ് എൻ. എം. അബ്ദുള്ള ജനറൽ സെക്രട്ടറി നബീൽ അഹമ്മദ്, ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡന്റ് ഷെറിൻ വിജയൻ ജനറൽ സെക്രട്ടറി ഷീന സുനിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here