
യൂറോപ്പിൽ കോവിഡ് വാക്സിനേഷന് വേഗം പോരെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഇതുവരെ ഇരുഡോസും സ്വീകരിച്ചവർ നാലുശതമാനം മാത്രമാണ്. ആദ്യ ഡോസ് സ്വീകരിച്ചവർ 10 ശതമാനം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യത്ത് 5.6 ശതമാനം ആളുകൾക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്. ബ്രിട്ടനിൽ 46 ശതമാനം. വാക്സിനേഷന്റെ വേഗം കൂട്ടിയില്ലെങ്കിൽ കോവിഡ് കൂടുതൽ കാലം നീണ്ടുനിൽക്കുമെന്നും ഡബ്ല്യൂഎച്ച്‌ഒ മുന്നറിയിപ്പ് നൽകി. യൂറോപ്പിൽ കഴിഞ്ഞയാഴ്ച 16 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24,000 പേർ മരിച്ചു.
അതേസമയം, കോവിഡ് വ്യാപനമുണ്ടായ മ്യാന്മർ അതിർത്തിയിലുള്ള ഗ്രാമത്തിൻ അഞ്ചുദിവസത്തിനുള്ളിൽ മുഴുവനാളുകൾക്കും വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് ചൈന. 3,00,000 പേർക്കാണ് വാക്സിൻ നൽകുന്നത്. ഇതിനായി 1,59,000 ഡോസ് വാക്സിൻ എത്തിച്ചുകഴിഞ്ഞു.
പുണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന് വാക്സിൻ ലഭിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് ശ്രീലങ്കയിൽ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു. ചൈനയുടെ സിനൊഫാം വാക്സിനും രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ സ്പുട്ട്‌നിക് വി വാക്സിന്റെ ഏഴുലക്ഷം ഡോസ് ഉടൻ ഓർഡർ ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here