ഇരട്ട വോട്ടിംഗ് തടയുന്നതിന് വീഡിയോഗ്രാഫി; ഷാനിമോള്‍ ഉസ്മാന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല

അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇരട്ട വോട്ടിംഗ് തടയുന്നതിന് 39 ബൂത്തുകളില്‍ സ്വന്തം ചെലവില്‍ വീഡിയോ ഗ്രാഫി അനുവദിക്കണമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ദൃശ്യങ്ങള്‍ റിട്ടേണിംഗ് ഓഫീസര്‍ സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ പരിശോധിക്കണമെന്നുമായിരുന്നു ഷാനിമോള്‍ ആവശ്യപ്പെട്ടത്.

ഇരട്ട വോട്ടുകള്‍ തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പുതിയ ആവശ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയ ബൂത്തുകളില്‍ വെബ് സ്ട്രീമിംഗോ വീഡിയോ ഗ്രാഫിയോ, ഇതില്‍ പ്രായോഗികമായത് പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി.

ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ തമിഴ്‌നാട്ടിലെ കമ്പം മണ്ഡലത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ വോട്ട്ചെയ്യുന്നത് തടയാന്‍ അതിര്‍ത്തയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തീര്‍പ്പാക്കി. വോട്ടെടുപ്പ് ദിവസവും തലേന്നും അതിര്‍ത്തിയിലും ചെക് പോസ്റ്റുകളിലും കേന്ദ്രസേനയെ വിന്യസിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.

അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റീസ് എന്‍ നഗരേഷ് ആണ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here