അവഹേളിച്ച് മറുപടി: കസ്റ്റംസിന് നിയമസഭയുടെ അവകാശ ലംഘന നോട്ടീസ്

കേരള നിയമസഭയെ അവഹേളിച്ചതിന് കസ്റ്റംസിന് അവകാശ ലംഘന നോട്ടീസ്. കസ്റ്റംസ് കൊച്ചി ജോയിന്റ് കമ്മീഷണര്‍ എന്‍ വസന്തഗെസനാണ് നിയമസഭയുടെ പ്രിവലേജ് ആന്റ് എത്തിക്സ് കമ്മിറ്റി തീരുമാനപ്രകാരം സെക്രട്ടറി നോട്ടീസയച്ചത്.

രാജു എബ്രഹാം എംഎല്‍എയുടെ പരാതിയിലാണ് നടപടി. നേരത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ കത്തിന് നല്‍കിയ മറുപടി സഭയുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് കണ്ടെത്തിയതിനാലാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. സമാനമായ നോട്ടീസ് നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററിനും നല്‍കിയിരുന്നു. കസ്റ്റംസ് മറുപടി തൃപതികരമല്ലെങ്കില്‍ ജോയിന്റ് കമ്മീഷണറെ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി വിളിച്ച് വരുത്തി തുടര്‍ നടപടി സ്വീകരിക്കും.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ മൊഴിയെടുക്കാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയ നടപടിയിലെ ചട്ടലംഘനം വിശദീകരിച്ച് നിയമസഭ സെക്രട്ടറി നേരത്തെ കത്ത് നല്‍കിയിരുന്നു. സഭയുടെ അധികാര പരിധിയിലുള്ള ഒരാള്‍ക്കെതിരെ ഏത് നടപടി സ്വീകരിക്കുമ്പോഴും സെക്രട്ടറിയുടെ അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു കത്ത്. എന്നാല്‍ ഈ കത്ത് കസ്റ്റംസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഈ നടപടി സഭയുടെ മഹനീയത തകര്‍ക്കുന്നതാണെന്ന് നോട്ടീസിലുണ്ട്. തുടര്‍ന്ന് കസ്റ്റംസ് നല്‍കിയ മറുപടിയും അവഹേളനമായി. സഭയുടെ 161 മുതല്‍ 165 വരെയുള്ള ചട്ടം ഏതെങ്കിലും കുറ്റവാളികളെ പ്രതിരോധിക്കാനുള്ളതല്ലെന്നായിരുന്നു മറുപടി.

ഇത് സഭയെ അവഹേളിക്കുന്നതാണെന്ന് കാട്ടിയാണ് രാജു എബ്രഹാം പരാതി നല്‍കിയത്. ഇവ പരിശോധിച്ച പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി കസ്റ്റംസ് ജോയിന്റ് കമ്മീഷണറുടെ നടപടി സഭയോടുള്ള അവഹേളനമാണെന്ന് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News