കളമശേരിയിൽ പി രാജീവിനായി വോട്ടഭ്യർത്ഥിച്ച്‌ താരസംഗമം; ആഷിഖും, റിമയും, ബിജിബാലും, സജിത മഠത്തിലും എത്തി

സിനിമാനടൻ മണികണ്ഠൻ ഒരു പാട്ടുപാടിയാണ്‌ കളമശേരിയെ കൈയിലെടുത്തത്‌. പാടത്തും വ്യവസായശാലകളിലും പണിയെടുക്കുന്ന കീഴാളന്റെ ജീവിതപ്പാട്ട്‌. പി രാജീവിന്റെ വിജയത്തിനായി ഏലൂർ പാതാളത്ത്‌ സംഗമിച്ച വേദിയും സദസ്സും കരഘോഷത്തോടെ ഒപ്പം ചേർന്നു. ആവേശക്കൊടുമുടിയിൽ പാടിയവസാനിപ്പിച്ച മണികണ്‌ഠൻ ഒറ്റ വാചകത്തിൽ തന്റെ അഭ്യർഥനയും മുന്നോട്ടുവച്ചു. നാടിന്‌ ഒരുപാട്‌ നന്മ ചെയ്‌ത പിണറായി സർക്കാർ ഇനിയും തുടരണം. അതു മാത്രമാണ്‌ എനിക്ക്‌ പറയാനുള്ളത്‌.

സംവിധായകൻ ആഷിക്‌ അബു, അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ റിമ കല്ലിങ്കൽ, സംഗീതസംവിധായകൻ ബിജിബാൽ, നടിമാരായ സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ്‌ തുടങ്ങിയ സിനിമാ–-സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിന്റെ വിജയത്തിനായി വോട്ടഭ്യർഥിച്ചു. വിദ്യാർഥികാലംമുതൽ രാജീവിനെ അടുത്തറിയുന്നവരും അദ്ദേഹത്തിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരുമാണ്‌ തങ്ങളിൽ പലരുമെന്ന്‌ ആഷിക്‌ അബു പറഞ്ഞു.

മനുഷ്യരെയാകെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാനാഗ്രഹിക്കുന്ന രാഷ്‌ട്രീയത്തിന്റെ വക്താവായാണ്‌ തനിക്ക്‌ രാജീവിനെ അറിയാവുന്നതെന്നും എൽഡിഎഫ്‌ സർക്കാർ തുടരുമ്പോൾ ഒപ്പം രാജീവ്‌ ഉണ്ടാകണമെന്നും റിമ കല്ലിങ്കൽ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ തുടരണമെന്നത്‌ കേരളം ആഗ്രഹിക്കുന്ന കാര്യമാണെന്നും അതിനായി കളമശേരിയിൽ രാജീവിന്റെ വിജയം ഉറപ്പാണെന്നും സജിത മഠത്തിൽ പറഞ്ഞു. മണികണ്‌ഠൻ ആചാരി, സൂരജ്‌ സന്തോഷ്‌, സംവിധായകൻ കമൽ എന്നിവരും പങ്കെടുത്തു. പി രാജീവ്‌, എ ഡി സുജിൽ, കെ ചന്ദ്രൻപിള്ള എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here