ജനാധിപത്യ ബോധം നിലനിൽക്കാൻ ഈ സർക്കാർ തുടരണമെന്ന് സന്തോഷ്‌ ഏച്ചിക്കാനം

ജനാധിപത്യബോധമുള്ള ജനതയെ വാർത്തെടുക്കാൻ നിലകൊള്ളുന്ന പിണറായിയുടെ കീഴിൽ കേരളത്തിൽ ഇടതുസർക്കാരിന്റെ തുടർഭരണം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് സന്തോഷ് ഏച്ചിക്കാനം.

തുടർച്ചയായ ജനാധിപത്യവിരുദ്ധമായ‘ബോംബിങ്ങി’ലൂടെ രാജ്യം തകർന്നടിയുമ്പോൾ സാംസ്കാരിക മൂല്യബോധങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായി നിലകൊള്ളുന്നു എന്നതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ പ്രാധാന്യം എന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

സന്തോഷ് ഏച്ചിക്കാനത്തിന്‍റെ വാക്കുകള്‍:

മതനിരപേക്ഷവും ജനാധിപത്യ മൂല്യത്തിലധിഷ്ഠിതവുമായ ഒരു സംസ്കാരമാണ് ഇന്ത്യയുടേത്. ബിജെപി വന്നതോടെ ഈ സങ്കൽപ്പങ്ങളെല്ലാം തകർന്നടിഞ്ഞു. മനുഷ്യന് ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകമാത്രമല്ല, പശുപരീക്ഷ എഴുതേണ്ട ഗതികേടിലേക്കുവരെ എത്തി.

ഗണപതിയെ മുൻനിർത്തി ഭാരതത്തിലെ പ്രാചീന വൈദ്യന്മാർക്ക് പ്ലാസ്റ്റിക് സർജറി അറിയാമെന്ന് പറഞ്ഞ മോഡി ഭരിക്കുന്ന നാടാണിത്. ഹൈന്ദവഫാസിസത്തെ അരക്കിട്ടുറപ്പിക്കുന്ന തരത്തിൽ ചരിത്രത്തിനുമേൽ നടത്തുന്ന നഗ്നമായ പൊളിച്ചെഴുത്തുകൾ വേറെ.

പാഠപുസ്തകങ്ങളിൽവരെ വർഗീയതയുടെ ചെളി പുരണ്ടു. ഇതിനെയൊക്കെ എതിർക്കുന്ന എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഉന്മൂലനമാണ് തങ്ങളുടെ നയമെന്ന് ഗൗരീ ലങ്കേഷിലൂടെ ബിജെപി വ്യക്തമാക്കിയ കാര്യമാണ്. പൗരത്വ ഭേദഗതി നിയമം ഹിന്ദു മുസ്ലിം ബന്ധങ്ങളിൽ ഭയാനകമായ അകൽച്ച സൃഷ്ടിച്ചു.

തുടർച്ചയായ ജനാധിപത്യവിരുദ്ധമായ‘ബോംബിങ്ങി’ലൂടെ രാജ്യം തകർന്നടിയുമ്പോൾ സാംസ്കാരിക മൂല്യബോധങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായി നിലകൊള്ളുന്നു എന്നതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ പ്രാധാന്യം. ഭക്ഷണം മാത്രമല്ല, ചിന്തയും മനുഷ്യന് ആവശ്യമാണെന്ന തിരിച്ചറിവ് ഈ സർക്കാരിനുണ്ട്‌.

ഇന്ത്യയിലെ വലിയ ചരിത്ര മ്യൂസിയവും ലൈബ്രറിയുമായ എൻഎംഎംഎല്ലിനെപ്പോലും തകർക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അറിവിനെ തിരിച്ചു കൊണ്ടുവരാനുള്ള ദീർഘവീക്ഷണത്തോടുകൂടിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നു എന്നതാണ് പിണറായി സർക്കാരിന്റെ പ്രത്യേകത.

ഇതിനായി സർക്കാർ വിദ്യാലയങ്ങളെ അടിമുടി മാറ്റിയെടുത്തു. വളമിടേണ്ടത് വേരിലാണെന്ന് അറിയാവുന്നതുകൊണ്ട്‌ കുട്ടികളിലെ വായനയും അറിവും പ്രോത്സാഹിപ്പിക്കാൻ ഓരോ ക്ലാസ് മുറിയിലും ഒരു ലൈബ്രറി എന്ന ആശയം കൊണ്ടുവന്നിരിക്കുന്നു. കോവിഡ് കാലമായിരുന്നിട്ടും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വിജയകരമായി നടത്തി.

ഭരണഭാഷ മലയാളമാക്കി. ലോക നിലവാരമുള്ള ശാസ്ത്രകൃതികളെയും ഇതര സംസ്ഥാനങ്ങളിലെ കൃതികളെയും വിവർത്തനത്തിലൂടെ പരിചയപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കി. ഇതുമൂലം സാംസ്കാരികമായ കൂട്ടായ്മയ്ക്കുള്ള വാതിൽ തുറന്നുകിട്ടി.

നാടകോത്സവങ്ങൾ, അന്താരാഷ്ട്ര പുസ്തകോത്സവങ്ങൾ, സാംസ്കാരിക സമുച്ചയങ്ങൾ, ഫോക്‌ലോർ മ്യൂസിയം എന്നിങ്ങനെ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കി. ജനാധിപത്യബോധമുള്ള ജനതയെ വാർത്തെടുക്കാൻ നിലകൊള്ളുന്ന പിണറായിയുടെ കീഴിൽ കേരളത്തിൽ ഇടതുസർക്കാരിന്റെ തുടർഭരണം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News