എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകളിലെ പാറു അമ്മയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി ഹൈബി ഈഡന്‍

എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകളിലെ കളമശ്ശേരി സ്വദേശിനി പാറു അമ്മയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍.

പാറു അമ്മയ്ക്ക് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വെച്ച് നല്‍കിയ വീട് കോണ്‍ഗ്രസ് വെച്ച് നല്‍കിയത് ആണെന്നാണ് ഹൈബി ഈഡന്റെ നുണ പ്രചാരണം.

പ്രായമായ പാറു അമ്മയെ കബളിപ്പിച്ചാണ് ഹൈബി ഈഡന്‍ വോട്ടിനു വേണ്ടി വ്യാജ നാടകം നടത്തിയതെന്ന് പാറു അമ്മയുടെ മകള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

എണ്‍പത്തിലേറെ വയസ് പ്രായമുണ്ട് പാറു അമ്മക്ക്. എല്‍ഡിഎഫിന്റെ പ്രചരണ കട്ടൗട്ടുകളിലൂടെ സുപരിചിതയായ പാറു അമ്മയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ഹൈബി ഈഡന്‍ എംപിയാണ്.

പാറു അമ്മക്ക് വീട് വെച്ച് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും റേഷന്‍ പോലും കിട്ടുന്നില്ല എന്നുമായിരുന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്വം ഉള്ള സ്ഥലത്തെ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

എന്നാല്‍ ഹൈബി ഈഡന്‍ പറഞ്ഞ പച്ചക്കള്ളത്തിനുള്ള മറുപടി പാറു ‘അമ്മ തന്നെ പറയും. പ്രായമായ പാറു അമ്മയെ കബളിപ്പിച്ചാണ് എംപിയും സംഘവും അനുകൂലമായ പ്രതികരണം പാറു അമ്മയില്‍ നിന്നും വാങ്ങിയത്.

പഴയ ഷീറ്റ് മേഞ്ഞ വീട് കത്തി നശിച്ചപ്പോള്‍ പാറു അമ്മയ്ക്ക് കുസാറ്റ് സര്‍വകലാശാലയിലെ ബിടേക് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് വീട് നിര്‍മിച്ചു നല്‍കിയത്.

കുസാറ്റ് സര്‍വകലാശാലയിലെ ശുചീകരണ ജോലി നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന പാറുവമ്മയോടുള്ള സ്‌നേഹ സൂചകമായാണ് അന്ന് വിദ്യാര്‍ത്ഥികള്‍ വീട് നിര്‍മിച്ചു നല്‍കിയത്.

വീഡിയോ പ്രചരണം കള്ളമാണന്നും മുത്തശ്ശിക്ക് റേഷനും, പെന്‍ഷനും കൃത്യമായി ലഭിക്കുന്നുണ്ടന്നും വ്യക്തമാക്കി പാറുവമ്മയുടെ കൊച്ചുമകള്‍  ഋതികയും രംഗത്തെത്തിയിരുന്നു.

കുടുംബാംഗങ്ങളുടെ അറിവോടെയാണ് പാറുവമ്മയുടെ വീഡിയോ ചിത്രീകരിച്ചതെന്നും ഋതിക വ്യക്തമാക്കി.

ഇടത്പക്ഷം വികസനവും, ജനക്ഷേമവും സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ തെരഞ്ഞെടുപ്പ് കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഋതിക ആവശ്യപ്പെട്ടിരിക്കുകയാണ്.

യു.ഡി.എഫ് ഇത്തരം നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും, വീഡിയോ ഷെയര്‍ ചെയ്ത ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറയണമെന്നും പാറുവമ്മയുടെ കൊച്ചുമകള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News