
വൈദ്യുതി കരാര്‍ ആരോപണത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എകെ ബാലന്‍. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് വൈദ്യുതി കരാറുണ്ടാക്കിയത്. ചെന്നിത്തലക്ക് പ്രത്യേക മാനസികാവസ്ഥയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി ഉയര്‍ന്ന വിലയില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി. ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കുന്‌പോള്‍ നിയമവിരുദ്ധ കരാര്‍ ഉണ്ടാക്കിയത് അറിയാമായിരുന്നില്ലേയെന്നും എകെ ബാലന്‍ ചോദിച്ചു.
രമേശ് ചെന്നിത്തയുടെ ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ നിയമവിരുദ്ധ കരാറിന്റെ കണക്കുകള്‍ വിശദീകരിച്ചു കൊണ്ടാണ് മന്ത്രി എകെ ബാലന്‍ മറുപടി നല്‍കിയത്. 4 രൂപ 25 പൈസ നിരക്കില്‍ 800 മെഗാവാട്ട് വൈദ്യുതി 25 വര്‍ഷത്തേക്ക് വാങ്ങിക്കാന്‍ 66225 കോടി രൂപയുടെ കരാറാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയത്.
സംസ്ഥാനത്തിന് പതിനായിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെയാണ് 550 മെഗാവാട്ട് വൈദ്യുതി വാങ്ങിക്കാന്‍ തീരുമാനിച്ചത്. ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ അന്ന് വൈദ്യുതി ലഭിക്കുമായിരുന്നു. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലക്ക് ഇക്കാര്യം അറിയാമായിരുന്നില്ലേയെന്നും എകെ ബാലന്‍ ചോദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കരാര്‍ റദ്ദാക്കാതിരുന്നത് കരാറിലേര്‍പ്പെട്ട കന്പനികള്‍ക്ക് ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാലാണ്. ഇപ്പോഴുണ്ടാക്കിയ കരാര്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റദ്ധാക്കുമെന്ന് പറയുന്ന ചെന്നിത്തല ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കിയ ഈ നിയമവിരുദ്ധ കരാര്‍ റദ്ധാക്കുമോയെന്ന് എകെ ബാലന്‍ വെല്ലുവിളിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നിയമവിരുദ്ധ കരാറുകളുടെ വിവരങ്ങള്‍ പുറത്ത് വരണമെന്ന ലക്ഷ്യത്തോടെയാണ് ചെന്നിത്തല ഇപ്പോള്‍ വൈദ്യുതി കരാറിനെക്കുറിച്ച് വിവാദമുണ്ടാക്കുന്നത്
പല മണ്ഡലങ്ങളിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുപ്പിവള പൊട്ടിച്ചിതറുന്നതു പോലെ യുഡിഎഫും കോണ്‍ഗ്രസും പൊട്ടിച്ചിതറുമെന്നും എകെ ബാലന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here