കോവിഡ് വ്യാപനം തീവ്രം ; മഹാരാഷ്ട്രയില്‍ ഭാഗീക ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം വീണ്ടും തീവ്രമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റ് ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ കര്‍ഫ്യൂ നടപ്പാക്കും. കര്‍ഫ്യൂ സമയം റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാര്‍സല്‍ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുവെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ വര്‍ക്ക് ഫ്രം ഹോം രീതിയും ഈ ദിവസങ്ങളില്‍ കൊണ്ടുവരുമെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അസ്ലം ഷെയ്ഖ് അറിയിച്ചു.

തിയേറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടച്ചിടും. നിര്‍മാണ പ്രവൃത്തികള്‍ നിയന്ത്രണങ്ങളോടെയും മുന്‍കരുതലുകളോടെയും തുടരാം. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ എന്നിവരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തിയിരുന്നു. ഐകകണ്ഠേനയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി നവാബ് മാലിക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here