ആവേശം ചോരാതെ തിരുവനന്തപുരത്ത് പരസ്യ പ്രചരണത്തിന് കൊടിയിറക്കം

ആവേശം ചോരാതെ തലസ്ഥാന ജില്ലയില്‍ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ സാഹചര്യത്തില്‍ കെട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തിയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയും പരസ്യ പ്രചരണത്തിന്റെ ആവസാന മണിക്കൂറുകള്‍ ആഘോഷമാക്കുകയായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശം ഒരു തരി പോലും കുറയാതെയാണ് പരസ്യപ്രചരണത്തിന് കൊടിയിറങ്ങിയത്. ആവേശമുയര്‍ത്തി കാല്‍നട പ്രചരണ ജാഥയോടെയാണ് കഴക്കൂട്ടം മണ്ഡലത്തില്‍ കടകം പള്ളി സുരേന്ദ്രന്‍ പ്രചരണം അവസാനിപ്പിച്ചത്. ജാസീഗിഫ്റ്റിന്റെ താളവും പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചു.

വാഹന ജാഥയോടെയാണ് നേമം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പരസ്യ പ്രചരണം അവസാനിപ്പിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആവേശമുണര്‍ത്തി വോട്ടര്‍മാര്‍ ശിവന്‍കുട്ടിയെ വരവേറ്റു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തീരാ പ്രശ്‌നമായിരുന്നു പൊട്ടിപൊളിഞ്ഞ റോഡുകള്‍. ആ പ്രശ്‌നത്തിന് അതിവേഗം പരിഹാരം കണ്ട സിറ്റിങ് എം.എല്‍.എകൂടിയായ വി.കെ പ്രശാന്ത് പ്രചരണമവസാനിപ്പിച്ചത് റോഡ് റോളറില്‍ തന്നെ.

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായതുകൊണ്ടുതന്നെ മണ്ഡലത്തിലുടനീളമെത്തി വിശിഷ്ട വ്യക്തികളുള്‍പ്പെടെയുള്ള എല്ലാവരെയും കാണുന്നതിനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here