വഞ്ചിയൂരിൽ സംയുക്ത കിസാൻ മോർച്ച പ്രവർത്തകർക്ക്‌ നേരെയുണ്ടായ ബിജെപി അക്രമത്തിൽ പ്രതിഷേധം

വഞ്ചിയൂരിൽ കാർഷിക നിയമങ്ങൾക്കെതിരായ ക്യാമ്പയ്‌നിൽ ഏർപ്പെട്ട സംയുക്ത കിസാൻ മോർച്ച പ്രവർത്തകർക്ക്‌ നേരെയുണ്ടായ ബിജെപി അക്രമത്തിൽ പ്രതിഷേധം. രാഷ്ട്രീയ കിസാൻ സമാസംഘിന്റെ ദേശീയ കോ – ഓർഡിനേറ്റർ കെ വി ബിജുവിനെയടക്കമാണ്‌ ബിജെപി സംഘം ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത്‌. ആക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും, തെരഞ്ഞെടുപ്പിൽ വോട്ടർമാർ ബിജെപിക്ക് എതിരെ വോട്ട് ചെയ്‌തുകൊണ്ട് അവരുടെ പ്രതിഷേധം രേഖപെടുത്തണമെന്നും അഖിലേന്ത്യ കിസാൻ സഭ ജോയിന്റ്‌ സെക്രട്ടറി വിജൂ കൃഷ്‌ണൻ അഭ്യർത്ഥിച്ചു.

ഒരു ദശാബ്‌തത്തിലേറെയായുള്ള പരിചയം കെ വി ബിജുവുമായുണ്ട്. കഴിഞ്ഞ കാലങ്ങളിലുടനീളം ഭരണവർഗ്ഗത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്ക് വിരുദ്ധമായി നിരന്തരമായി ശബ്‌ദമുയർത്തുകയും, സംഘപരിവാറിന്റെ നവ ഉദാരവത്കരണ നയങ്ങളോടുള്ള കീഴ്പെടലിനെതിരെ കലാപമുയർത്തുകയും ചെയ്‌തയാളാണെന്ന്‌ വിജൂ കൃഷ്‌ണൻ പറഞ്ഞു. ‘ബിജെപിക്ക് വോട്ട് ഇല്ല’ (No Vote for BJP) ക്യാമ്പയിനിൽ ഭാഗമാവുന്നതിനിടെയാണ്‌ തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ ബിജെപി ഗുണ്ടകൾ അക്രമിച്ചത്‌. ബിജുവും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് അംഗങ്ങൾക്കും പരിക്കേറ്റു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കർഷകസമരത്തിൽ സജീവ സാന്നിധ്യമാണ് കെ വി ബിജു.

മൂന്ന് കർഷിക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ‘സംയുക്ത കിസാൻ മോർച്ച’ തീരുമാനിച്ച പരിപാടിയായിരുന്നു ഈ ക്യാമ്പയിൻ. ആസിയാൻ, എഫ്‌ടിഎ, ആർസിഈപി അടക്കമുള്ള അസമത്വം രൂക്ഷമാക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകൾക്ക് എതിരെയും നിരന്തരമായി അദ്ദേഹം സമരരംഗത്തുണ്ട്. നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടികൊണ്ട് വിപുലമായി എഴുതുകയും ചെയ്യുന്നു.

ബിജുവിനെതിരെ ഉണ്ടായ അക്രമത്തിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുകയും അതോടൊപ്പം ഏപ്രിൽ ആറാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാർ ബിജെപിക്ക് എതിരെ വോട്ട് ചെയ്‌തുകൊണ്ട് അവരുടെ പ്രതിഷേധം രേഖപെടുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നതായും വിജൂ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

ചൊവ്വാഴ്‌ച രാത്രിയാണ്‌ വഞ്ചിയൂർ ജങ്‌ഷനിൽ പോസ്റ്റർ പതിച്ചുകൊണ്ടിരുന്ന കെ വി ബിജു അടക്കമുള്ള പ്രവർത്തകരെ പത്ത്‌ പേരടങ്ങിയ ബിജെപി സംഘം മർദിച്ചത്‌. ബൈക്കിൽ വന്ന രണ്ടുപേർ ചോദ്യം ചെയ്യുകയും പോസ്റ്റർ ഒട്ടിക്കൽ നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നാലെ മറ്റൊരു ബൈക്ക്‌, ടാറ്റാ സുമോ, മറ്റൊരു കാർ എന്നിവയിൽ എട്ട്‌ പേരെത്തി തല്ലുകയും ചവിട്ടുകയും ചെയ്‌തു. ബിജു, ജയിംസ്‌ എന്നിവരെ ടാറ്റാസുമോയിൽ കയറ്റി ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിലേക്ക്‌ കൊണ്ടുപോയി. തുടർന്ന്‌ ഇരുവരുടെയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഫോർമാറ്റ്‌ ചെയ്‌തു. വഞ്ചിയൂർ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News