കഴക്കൂട്ടത്തിന്റെ പിന്തുണ ഉറപ്പിച്ച് കടകംപള്ളി

കഴക്കൂട്ടത്തിന്റെ പിന്തുണ അരക്കിട്ടുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ പരസ്യപ്രചാരണം സമാപിച്ചത്. പരസ്യപ്രചാരണത്തിന്റെ അവസാനദിനമായ ഞായറാഴ്ച ജന്മനാടായ കടകംപള്ളിയിൽ മാസ് റാലിയോടെയാണ് സ്ഥാനാർഥിയുടെ പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചത്.

യുവതീയുവാക്കളുടെയും വീട്ടമ്മമാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കാൽനട ജാഥയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ഗായകനും സംഗീതസംവിധായകനുമായ ജാസിഗിഫ്റ്റിന്റെ നേതൃത്വത്തിൽ കലാകാരന്മാരുടെ കൂട്ടായ്മയും കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ജാഥയ്ക്കൊപ്പം അണിചേർന്നു. പുരോഗമനകലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളലും അവതരിപ്പിച്ചു. ഭഗത്സിങ് ജങ്ഷനിൽ നിന്ന് ആരംഭിച്ച റാലി വെൺപാലവട്ടം ജങ്ഷനിൽ സമാപിച്ചു.

വൈകിട്ട് വലിയവേളിയിൽ നടന്ന വനിതാസംഗമത്തിൽ പങ്കെടുത്ത സ്ഥാനാർഥിക്ക് ഗംഭീരവരവേൽപ്പാണ് പ്രദേശവാസികൾ നൽകിയത്. കഴിഞ്ഞ അഞ്ചുവർഷക്കാലം കടലിന്റെ മക്കൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദിപ്രകടിപ്പിക്കാൻ മൽസ്യത്തൊഴിലാളികളായ നൂറുകണക്കിന് സ്ത്രീകളടക്കം വൻ ജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത്.

ഇലക്ഷൻ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ പരമാവധി വോട്ടർമാരെ നേരിൽകാണാൻ ശ്രമിച്ചിട്ടുണ്ടെന്നും ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് വർധിച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here