
കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ അനുകൂലിച്ച് താൻ നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എൻ ശക്തൻ. തന്നോട് ആലോചിക്കാതെയാണ് നോട്ടീസ് നല്‍കിയത്. എന്നാൽ ഇലക്ഷൻ ആയതിനാൽ ഒന്നും പറയുന്നില്ലെന്നും ശക്തൻ. കാട്ടക്കടയിലെ നോട്ടീസ് യുദ്ധത്തിൽ ഇതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി.
കാട്ടക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥി മലയൻകീഴ് വേണുഗോപാലിനെ വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്ന ഒരു നോട്ടീസ് ഇന്ന് രാവിലെ മുതൽ യുഡിഎഫ് പ്രവർത്തകർ വീടുകളിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൻ്റെ പിന്തുണ മലയൻകീഴ് വേണുഗോപാലിന് ഇല്ലെന്ന് ചൂണ്ടി കാട്ടി മറ്റൊരു നോട്ടീസും മണ്ഡലത്തിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി.
ഈ സാഹചര്യത്തിലാണ് ഒരാൾ ശക്തനെ ഫോണിൽ ബന്ധപ്പെട്ടത്. ഇയാളോടുള്ള മറുപടിയിലാണ് യുഡിഎഫ്ഇറക്കിയ നോട്ടീസ് തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രചരിപ്പിച്ചതാണെന്ന് ശക്തൻ സ്ഥിരീകരിച്ചത്.
നേരത്തെ യുഡിഎഫ് കൺവെൻഷനിൽ തൻ്റെ 2016ലെ തോൽവിക്ക് പിന്നിൽ ആരെന്ന് അറിയാമെന്ന് ശക്തൻ പറഞ്ഞിരുന്നത് വിവാദമായിരുന്നു. നിലവിൽ കാട്ടക്കടക്ക് പകരമായി നേമം നിയോജക മണ്ഡലം കേന്ദ്രീകരിച്ചാണ് ശക്തൻ പ്രവർത്തിക്കുന്നത് ശക്തൻ്റെ വിശദീകരണം വന്നതോടെ നോട്ടീസ് ഇറക്കിയ യുഡിഎഫ് നേതൃത്വം വെട്ടിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here