‘പൊലീസ് ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നു’; രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. കഴക്കൂട്ടം കാട്ടായിക്കോണത്ത് നടന്ന സംഘര്‍ഷത്തിലെ പൊലീസ് നടപടി ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിമര്‍ശനം. ഇടതുപക്ഷക്കാരെ പൊലീസ് തെരഞ്ഞെടുത്ത് പിടിച്ച് അറസ്റ്റ് ചെയ്തു. ഇടതുപക്ഷം ലീഡ് ചെയ്യുന്ന വാര്‍ഡായ കടകംപള്ളിയില്‍ വോട്ടിങ്ങ് സ്തംഭിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. പൊലീസ് ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും അലക്ഷന്‍ കമ്മീഷനും പരാതി നല്‍കുമെന്ന് കടകംപള്ളി പ്രതികരിച്ചു.

വളരെ വലിയ അന്യായമാണ് പൊലീസ് കാട്ടിയത്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയായിരുന്നു പൊലീസിന്.

കടകംപള്ളി സുരേന്ദ്രന്‍
കാട്ടായിക്കോണം മുന്‍പേ തന്നെ ബിജെപിയുടെ ടാര്‍ജറ്റ് ഏരിയയാണെന്നും ശോഭാ സുരേന്ദ്രന്റെ പ്രസ്താവന ഇതിന് തെളിവാണെന്നും സിപിഐഎം നേതാവ് ആരോപിച്ചു. കുളത്തൂരില്‍ നേരത്തേ സംഘര്‍ഷമുണ്ടായപ്പോള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കാട്ടായിക്കോണം എന്ന് പറഞ്ഞാണ് ആരോപണം ഉന്നയിച്ചത്. രണ്ട് കാറുകളിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ഥലത്തെ ജനങ്ങളെ മര്‍ദ്ദിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് പകരം സിപിഐഎം പ്രവര്‍ത്തകരെ മാത്രം പിടിച്ചുകൊണ്ടുപോയി. സംഘര്‍ഷം ഉണ്ടാകുന്നതിന് മുന്‍പ് ഇവിടെ ഇലക്ഷന്‍ പൊലീസ് നിരീക്ഷകന്‍ വന്നിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ പോത്തന്‍കോട് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിട്ടെന്നും മന്ത്രി പറഞ്ഞു.

എന്റെ പി എയായ സാജു, കാട്ടായിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ഡി രമേശ്, പോത്തന്‍കോട് പഞ്ചായത്ത് കാട്ടായിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. പൊലീസ് പലരുടേയും വീട്ടില്‍ കയറി പരിശോധന നടത്തി. കൗണ്‍സിലറുടെ വീടും ആക്രമിച്ചു.

കടകംപള്ളി സുരേന്ദ്രന്‍
സംഘര്‍ഷസ്ഥലം കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു. കാട്ടായിക്കോണത്ത് രാവിലെയുണ്ടായ സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വൈകുന്നേരത്തെ ഏറ്റുമുട്ടല്‍. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സിപിഐഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും ആക്രമികള്‍ തല്ലിത്തകര്‍ത്തു. സ്ഥലത്തെത്തിയ പൊലീസ് തകര്‍ന്ന വാഹനം മാറ്റാന്‍ ശ്രമിച്ചത് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. വന്‍ പൊലീസ് സന്നാഹം കാട്ടായിക്കോണത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News