ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേള്‍ഡ് വേദിയില്‍ വെച്ച് നടന്ന തര്‍ക്കത്തില്‍ വിജയിക്ക് പരിക്കേറ്റു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുഷ്പിക ഡി സില്‍വയാണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സൗന്ദര്യ മത്സരത്തിന്റെ അവാര്‍ഡ്ദാന ചടങ്ങ് നടന്നത്. ഒന്നാം സ്ഥാനം നേടിയ പുഷ്പികയെ കിരീടം ചൂടിക്കാനായി 2019ലെ വിജയി കാരോലിന്‍ ജ്യൂറി സ്‌റ്റേജിലെത്തിയിരുന്നു.
ആദ്യം പുഷ്പികയ്ക്ക് കിരീടം നല്‍കിയ കരോലിന്‍ പിന്നീട് അത് പിടിച്ചുവാങ്ങുകയായിരുന്നു. പുഷ്പിക വിവാഹമോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരോലിന്റെ നടപടി.
വിവാഹമോചിതരായവര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമമുണ്ടെന്നും പുഷ്പിക വിവാഹമോചിതയാണെന്നും അതുകൊണ്ട് താന്‍ കിരീടം തിരിച്ചെടുക്കുകയാണെന്നും കരോലിന്‍ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചു. തുടര്‍ന്ന് കിരീടം രണ്ടാം സ്ഥാനത്ത് എത്തിയയാള്‍ക്ക് നല്‍കുകയും ചെയ്തു.
കിരീടം ഊരിയെടുക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടിയിലാണ് പുഷ്പികയ്ക്ക് പരിക്കേറ്റത്. താന്‍ വേര്‍പ്പിരിഞ്ഞു കഴിയുകയാണെന്നും അല്ലാതെ വിവാഹമോചനം നേടിയിട്ടില്ലെന്നും പുഷ്പിക അറിയിച്ചു. ഇത് കേള്‍ക്കാന്‍ കരോലിന്‍ സമ്മതിക്കാതിരുന്നതോടെ പുഷ്പിക വേദിയില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.
എന്നാല്‍ പിന്നീട് അധികൃതര്‍ പുഷ്പിക വിവാഹമോചിതയല്ലെന്ന് സ്ഥിരീകരിക്കുകയും ഇവരെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കരോലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരോലിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് അധികൃതര്‍ പ്രതികരിച്ചു.
Get real time update about this post categories directly on your device, subscribe now.