
പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍.
ഗ്രാമീണ മേഖലകളില്‍ അതിരാവിലെ മുതല്‍ പോളിംഗ് ബൂത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. നഗരമേഖലയില്‍ മന്ദഗതിയിലായിരുന്നു പോളിംഗ്. 17 ലക്ഷത്തി 48 ആയിരത്തി 539 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും അവസാനം ലഭിച്ച കണക്കനുസരിച്ച് ജില്ലയില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തോടടുത്ത് പോളിംഗ് രേഖപ്പെടുത്തി. 76.19 ശതമാനം. 2016ല്‍ 76.50 ശതമാനമായിരുന്നു പോളിംഗ്.
79.03 പോളിംഗ് രേഖപ്പെടുത്തിയ ചിറ്റൂരാണ് ജില്ലയില്‍ പോളിംഗ് ശതമാനത്തില്‍ മുന്നില്‍. ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് പാലക്കാട്. 73.71 ശതമാനം. ശക്തമായ പോരാട്ടം നടക്കുന്ന തൃത്താല, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലുള്‍പ്പെടെ മികച്ച പോളിംഗ് രേഖപ്പെടുത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 58.82 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
മന്ത്രി എകെ ബാലന്‍ പാലക്കാട് പിഎംജി ഹയര്‍സെക്കന്ററി സ്‌കൂളിലും ചിറ്റൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ കൃഷ്ണന്‍ വേലന്താവളം കെകെഎം സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. മുന്നണി സ്ഥാനാര്‍ത്ഥികള്‍ അതിരാവിലെ വോട്ട് രേഖപ്പെടുത്തി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ട് വയോധികര്‍ ജില്ലയില്‍ കുഴഞ്ഞു വീണു മരിച്ചു.
ഒറ്റപ്പാലം പാലപ്പുറത്ത് 75 വയസ്സുള്ള ഞാറക്കുളങ്ങര ഗംഗാധരനും, നെന്‍മാറ വിത്തനശ്ശേരിയില്‍ 69 വയസ്സുള്ള കാര്‍ത്ത്യായനിയമ്മയുമാണ് മരിച്ചത്. പോസ്റ്റല്‍ ബാലറ്റുകളുള്‍പ്പെടെ കണക്കാക്കുന്‌പോള്‍ പോളിംഗ് ശതമാനം ഇനിയും ഉയരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12ല്‍ 9 മണ്ഡലത്തിലും വിജയിച്ച ഇടതുമുന്നണി ഇത്തവണയും മികച്ച പ്രതീക്ഷയിലാണ്. സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് അനുകൂലമായ ജനപിന്തുണ ലഭിച്ച തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യുഡിഎഫും എന്‍ഡിഎയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here