ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു ; 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനം

കോവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതല്‍ പ്രാബല്യത്തല്‍ വരും. ഏപ്രില്‍ 30 വരെയാണ് രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

3,280 കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഏകദിന നിരക്കാണിത്. 17 മരണങ്ങളും ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും രാത്രിയാത്രാ നിരോധനത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമായിരുന്നു. മൂന്ന് മുതല്‍ നാല് ദിവസം വരെ കര്‍ഫ്യൂ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്നും കോടതി നിര്‍ദേശിച്ചു.

അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്‌കോട്ട് നഗരങ്ങള്‍ക്ക് പുറമെ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 12 പ്രധാന നഗരങ്ങളിലും രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്നും കര്‍ഫ്യൂ സമയം ഒരു മണിക്കൂര്‍ നീട്ടുമെന്നും മുഖ്യമന്ത്രി വിജയ് രൂപാനി ചൊവ്വാഴ്ച വൈകിട്ട് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. നേരത്തെ നാല് നഗരങ്ങളില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

ഭാവ് നഗര്‍, ജാംനഗര്‍, ജുനാഗഡ്, ഗാന്ധിനഗര്‍, ആനന്ദ്, നാദിയാദ്, മെഹ്‌സാന, മോര്‍ബി, പത്താന്‍, ഗോദ്ര, ദഹോദ്, ഭുജ്, ഗാന്ധിധാം, ഭരുച്ച്, സുരേന്ദ്രനഗര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അിയിച്ചു.

അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്‌കോട്ട് എന്നീ നഗരങ്ങളില്‍ രാത്രി എട്ടുമുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ സമയം നീട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവാഹ പാര്‍ട്ടികളിലെ അതിഥികളുടെ എണ്ണം 200 ല്‍ നിന്ന് 100 ആയി കുറച്ചിട്ടുണ്ട്. 50 ല്‍ അധികം ആളുകളുള്ള എല്ലാ രാഷ്ട്രീയ സാമൂഹിക സമ്മേളനങ്ങളും ഏപ്രില്‍ 30 വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News