രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59856 പേര്‍ രോഗമുക്തരായപ്പോള്‍ 630 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 8,43,473 ആയി. കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. 84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ 55469 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 297 മരണങ്ങളാണ് സ്ഥിതീകരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം പതിനായിരത്തോളം കേസുകള്‍ സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 6150 പേര്‍ക്കും രാജസ്ഥാനില്‍ 2236 പേര്‍ക്കും പഞ്ചാബില്‍ 2924 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3645 പേര്‍ക്കും ഗുജറാത്തില്‍ 3280 പേര്‍ക്കും ദില്ലിയില്‍ 5100 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ ഏപ്രില്‍ 30 വരെ രാത്രി 10 മുതല്‍ രാവിലെ 5 വരെ ‘രാത്രി കര്‍ഫ്യൂ’ ഏര്‍പ്പെടുത്തി.

അതേസമയം, കാറിൽ വാഹനം ഓടിക്കുന്നയയാൾ മാത്രമേ ഉള്ളൂ എങ്കിലും മാസ്ക് നിർബന്ധമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിറക്കി.
ഒരാൾ ഓടിക്കുന്ന വാഹനത്തെയും പൊതുസ്ഥലം ആയി കണക്കാക്കുമെന്നും
മുതിർന്നവർ വീടുകളിൽ ഉണ്ടെങ്കിൽ വീടിനുള്ളിൽ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here