കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഖത്തറില്‍ കോവിഡ് വ്യാപനം വ്യാപിക്കുന്നതിനാലാണ് പുതിയ തീരുമാനങ്ങള്‍.
പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങള്‍ തുടരുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമനിച്ചു. റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു.
പുതിയ തീരുമാനമനുസരിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ശതമാനം പേര്‍ മാത്രം ഓഫിസിലെത്തിയും 50 ശതമാനം പേര്‍ വീട്ടിലിരുന്നും ജോലി ചെയ്യണം.
സൈന്യം, സുരക്ഷ, ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ല. ഓഫിസ് യോഗങ്ങള്‍ വെര്‍ച്വല്‍ വേദികളില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ മാത്രം പരമാവധി അഞ്ചു പേര്‍ മാത്രമുള്ള യോഗം ചേരാമെന്നും തീരുമാനത്തിലുണ്ട്.
നിയന്ത്രണങ്ങളും നിർദേശങ്ങളും ഇങ്ങനെ
∙ വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക്, ശാരീരിക അകലം പാലിക്കല്‍, ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ച തുടങ്ങിയ വ്യവസ്ഥകള്‍ തുടരും.
∙ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ശതമാനം പേര്‍ മാത്രം ഓഫിസിലെത്തിയും 50 ശതമാനം പേര്‍ വീട്ടിലിരുന്നും ജോലി ചെയ്യണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ല. ഓഫിസ് യോഗങ്ങള്‍ വെര്‍ച്വല്‍ വേദികളില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ മാത്രം പരമാവധി അഞ്ചു പേര്‍ മാത്രമുള്ള യോഗം ചേരാം.
∙ പള്ളികളില്‍ ദിവസേനയുള്ള പ്രാര്‍ഥനകളും വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരവും തുടരും. പള്ളികളിലെത്തുന്നവര്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കണം. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പള്ളികളില്‍ പ്രവേശനമില്ല. ശുചിമുറികളും അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും അടഞ്ഞു കിടക്കും. റമസാനില്‍ തറാവീഹ് പ്രാര്‍ത്ഥന വിശ്വാസികള്‍ വീടുകളില്‍ നിര്‍വഹിക്കണം.
∙ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം. സാധ്യമായ ഏതാനും ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരാം.
∙ വീടുകളിലും മജ്‌ലിസുകളിലും അടച്ചിട്ട സ്ഥലങ്ങളിലുമുള്ള ഒത്തുചേരലുകള്‍ നിരോധിച്ചു. അതേസമയം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പരമാവധി അഞ്ചു പേര്‍ക്ക് പൊതുസ്ഥലത്ത് ഒത്തുകൂടാം. ശൈത്യകാല ക്യാംപുകളില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളു.
∙ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികളില്‍ വിവാഹങ്ങള്‍ പാടില്ല.
∙ ദോഹ മെട്രോ സര്‍വീസ് 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. കര്‍വ ബസുകളുടെ പ്രവര്‍ത്തനവും 20 ശതമാനം ശേഷിയിലാകും. ചില റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ, കര്‍വ ബസുകള്‍ സര്‍വീസ് നടത്തില്ല. പുകവലിക്ക് അനുവദിച്ചിരുന്ന സ്ഥലങ്ങള്‍ അടയ്ക്കും. മെട്രോ സ്‌റ്റേഷനുകളിലും യാത്രയിലും ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല.
∙ വാഹനങ്ങളില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരില്‍ കൂടാന്‍ പാടില്ല. കമ്പനി തൊഴിലാളികളെ കൊണ്ടു പോകുന്ന ബസുകളില്‍ സീറ്റിന്റെ പകുതി എണ്ണം ആളുകള്‍ മാത്രമേ പാടുള്ളു. കോവിഡ് മുന്‍കരുതല്‍ പാലിച്ചു വേണം യാത്ര.
∙ റസ്റ്ററന്റുകളിലും കഫേകളിലും ഡൈനിങ് നിരോധിച്ചു. പാഴ്‌സലുകള്‍ക്കും ഡെലിവറികള്‍ക്കും മാത്രം അനുമതി.
∙ ഷോപ്പിങ് മാളുകളുടെ ശേഷി 30 ശതമാനമാക്കി. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. മാളുകളിലെ പ്രാര്‍ഥനാ മുറികള്‍, വസ്ത്രം മാറുന്ന മുറികള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. റസ്റ്ററന്റുകള്‍ക്ക് ഡെലിവറി സേവനങ്ങളും പാഴ്‌സലുകള്‍ക്കും അനുമതിയുണ്ട്.
∙ പരമ്പരാഗത സൂഖുകളുടെ പ്രവര്‍ത്തനശേഷി 30 ശതമാനമാക്കി. വെള്ളി, ശനി ദിവസങ്ങളില്‍ സൂഖുകള്‍ പ്രവര്‍ത്തിക്കില്ല. ഹോള്‍സെയില്‍ മാര്‍ക്കറ്റുകളുടെ ശേഷിയും 30 ശതമാനമാക്കി. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൂഖുകളിലും മാര്‍ക്കറ്റുകളിലും പ്രവേശനമില്ല.
∙ പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളില്‍ ഇരിക്കാന്‍ അനുമതിയില്ല. നടത്തം, ജോഗിങ്, സൈക്കിള്‍ സവാരി തുടങ്ങിയ വ്യക്തിഗത കായിക പ്രവര്‍ത്തനങ്ങള്‍ നടത്താം. കളിസ്ഥലങ്ങളും വ്യായാമ ഉപകരണങ്ങളുടെ ഏരിയയും അടഞ്ഞുകിടക്കും.
∙ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും സര്‍വകലാശാലകളിലും ഓണ്‍ലൈന്‍ പഠനം തുടരും. സ്വകാര്യ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് മാത്രം അനുമതി. കോവിഡ് മുന്‍കരുതല്‍ പാലിച്ചു കൊണ്ട് ഭിന്നശേഷി പരിചരണ കേന്ദ്രങ്ങളില്‍ വ്യക്തിഗത സെഷനുകള്‍ മാത്രം.
.ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികളില്‍ കായിക ടീമുകളുടെ പരിശീലനം പാടില്ല. എന്നാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടു കൂടി മാത്രം പ്രാദേശിക, രാജ്യാന്തര ടൂര്‍ണമെന്റുകളിലെ കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താം.
∙ പ്രാദേശിക, കായിക ഇവന്റുകള്‍ നടത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. അതേസമയം എല്ലാ കോണ്‍ഫറന്‍സുകളും പ്രദര്‍ശനങ്ങളും ഇവന്റുകളും മാറ്റിവെച്ചു.
∙ ബോട്ടുകള്‍, ടൂറിസ്റ്റ് നൗകകള്‍, ഉല്ലാസ ബോട്ടുകള്‍ എന്നിവ വാടകയ്ക്ക് കൊടുക്കാന്‍ പാടില്ല. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെങ്കില്‍ നല്‍കാം. മറ്റ് കുടുംബത്തിലെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 5 പേര്‍ക്ക് ഒപ്പം ചേരാം.
∙ പ്രവര്‍ത്തന സമയങ്ങളില്‍ മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലുമെല്ലാം ക്ലീനിങ്, ഹോസ്പിറ്റാലിറ്റി കമ്പനികളുടെ സേവനം പാടില്ല. പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ സേവനം നല്‍കാം. വീടുകളില്‍ സേവനം നല്‍കുമ്പോള്‍ ഒരാള്‍ മാത്രമേ പോകാന്‍ പാടുള്ളു. പൊതുജനാരോഗ്യ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം.
പൂര്‍ണമായും അടയ്ക്കുന്നവ
സിനിമ തിയറ്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍, നഴ്‌സറികള്‍, പബ്ലിക് മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സലൂണുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിസിക്കല്‍ പരിശീലന ക്ലബ്ബുകള്‍, മസാജ് സേവനങ്ങള്‍, സൗന, സ്റ്റീം റൂമുകള്‍, ജക്കൂസി സേവനങ്ങള്‍, മൊറോക്കന്‍, തുര്‍ക്കിഷ് ബാത്ത്, നീന്തല്‍ കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍.
Get real time update about this post categories directly on your device, subscribe now.