
ജനകീയകവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നേരെ ഇന്നലെ രാത്രി ഫോണിലൂടെ ഉണ്ടായ വധഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം.
മുരുകനെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കും എന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വര്‍ഗ്ഗീയ ഭീകര രാഷ്ട്രീയക്കാരന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
മനുഷ്യതുല്യതക്ക് വേണ്ടി എഴുതുന്നവരെയും പാടുന്നവരെയും നിശബ്ദരാക്കാന്‍ മതവര്‍ഗീയ തീവ്രവാദികള്‍ ഇന്ത്യയിലുടനീളം വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലും ഇത്തരം ഭീഷണികള്‍ ഇതിനു മുമ്പും എഴുത്തുകാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഈ രീതിയിലുള്ള പ്രാകൃതമായ മനുഷ്യവിരുദ്ധനീക്കങ്ങള്‍ക്കെതിരെ കേരളത്തിലെ എഴുത്തുകാരും, കലാകാരന്മാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും വലിയ പ്രതിരോധങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്.
ഉന്നതമായ മനുഷ്യസ്നേഹം മുന്നോട്ട്വെച്ച് ജനാധിപത്യത്തിനും സര്‍ഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും.
മാനുഷികതയുടെയും മതനിരപേക്ഷതയുടെയും എഴുത്തുകാരന്‍ മുരുകന്‍ കാട്ടാക്കടയോടൊപ്പം സാംസ്‌കാരിക കേരളം ഒന്നിച്ചു നില്‍ക്കുന്നു.
കവിക്ക് നേരെ നടന്ന വധഭീഷണിയില്‍ കേരള മെമ്പാടും സര്‍ഗാത്മകപ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here