ഗുജറാത്തിൽ കൊവിഡ് രോഗികൾക്ക് അവഗണന; ഭാവ്നഗര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ നിലത്ത് കിടക്കുന്നു

ഗുജറാത്തിൽ കോവിഡ് രോഗികൾക്ക് അവഗണന. ഗുജറാത്തിലെ ഭാവ്നഗർ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗികൾ പരിഗണന ലഭിക്കാതെ നിലത്തും സ്‌ട്രെച്ചറിലും കിടക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. കോൺഗ്രസ്‌ എംപി ശക്തിസിംഗാണ് ആശുപത്രിയിലെ അവസ്ഥ ചൂണ്ടിക്കാട്ടി വീഡിയോ പങ്ക് വച്ചത്.

കൊവിഡ് വ്യാപനം ശക്തിപ്രാപിക്കുന്ന ഗുജറാത്തിൽ കൊവിഡ് രോഗികൾ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭാവ്‌നഗറിലെ സർക്കാർ ആശുപത്രിയിൽ നിന്നുള‌ള രംഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഗുജറാത്തിൽ നിന്നുള‌ള കോൺഗ്രസ് എം‌.പി ശക്തിസിംഗ് ഗോഹിലാണ് കൊവിഡ് രോഗികൾ നിറഞ്ഞ ആശുപത്രിയിൽ, ജനങ്ങൾ സ്‌ട്രെച്ചറിലും നിലത്തും കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

രോഗികൾക്ക് കൃത്യമായ പരിഗണനയോ ചികിത്സയോ സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും കിടക്കകൾ ആവശ്യമുള‌ളവർക്ക് നൽകിയില്ലെന്നും ശക്തിസിംഗ് ആരോപിച്ചു. ട്വി‌റ്ററിൽ വീഡിയോ ഷെയർ ചെയ്‌ത ശക്തി സിംഗ്, ഗുജറാത്ത് മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയെ ടാഗ് ചെയ്യുകയും ചെയ്‌തു.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ശിവസേന നേതാക്കൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനെതിരെ ആരോപണവുമായി രംഗത്തെത്തി.

കേന്ദ്ര മെഡിക്കൽ ടീമിനെ സംസ്ഥാനത്തേക്ക് അയക്കാതെ മന്ത്രി രാഷ്‌ട്രീയം കളിക്കുകയാണെന്ന് ശിവസേന ആരോപിച്ചു.ഗുജറാത്തിൽ ഈ അടുത്തകാലത്ത് ഏ‌റ്റവുമധികം കൊവിഡ് രോഗം റിപ്പോർട്ട് ചെയ്‌തത് ഇന്നലെയാണ് 3575 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,​28,​453 ആയി. 20 നഗരങ്ങളിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂയും ഏർപ്പെടുത്തിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ രോഗികളോട് സർക്കാർ അനാസ്ഥ കാട്ടുകയാണെന്നും ശക്തി സിംഗ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here