സിമന്റ്, ഉരുക്ക് എന്നിവയുടെ നിരക്ക് സ്വന്തം ഇഷ്ടപ്രകാരം കമ്പനികൾ വർധിപ്പിക്കുന്നതായി ആക്ഷേപം. നിർമാണക്കമ്പനികൾക്ക് പിന്നാലെ ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. കമ്പനികളുടെ തന്നിഷ്ടപ്രകാരമുളള വില ഉയർത്തുന്ന നടപടി നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.
ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതി ചുങ്കം, ബിറ്റുമെൻ ഇറക്കുമതിയുടെ നികുതി എന്നിവ ഒഴിവാക്കാൻ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
തോന്നുംപടി വില ഉയർത്തുന്നത് അംഗീകരിക്കാനാകില്ല എന്ന് നിലപാടാണ് ഗതാഗത മന്ത്രാലയത്തിന്റേത്. മിക്ക ഉരുക്ക് നിർമാണക്കമ്പനികൾക്കും സ്വന്തമായി ഖനികൾ ഉണ്ടായിട്ടും നിരക്ക് ഇഷ്ടത്തിനനുസരിച്ച് വർധിപ്പിക്കുന്നത് കരിഞ്ചന്തയാണെന്ന് ഗഡ്കരി പറഞ്ഞു.
സിമന്റ്, ഉരുക്ക് എന്നിവയുടെ അടിക്കടിയുളള നിരക്ക് വർധനവിന്റെ പശ്ചാത്തലത്തിൽ സിന്തറ്റിക്, കോംപോസിറ്റ് ഫൈബറുകൾ തുടങ്ങിയ സമാന്തര ഉൽപ്പന്നങ്ങളെ നിർമാണ പ്രവർത്തനങ്ങൾക്കായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ റോഡുകൾ പാലങ്ങൾ എന്നിവയുടെ നിർമാണത്തിനായാണ് ആകെ ഉരുക്ക്, സിമന്റ് ഉൽപ്പാദനത്തിന്റെ 40 ശതമാനവും ഉപയോഗിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.