കെ ബാബുവിന്റെ ബിജെപി ബന്ധം വെളിപ്പെടുത്തി; എ ബി സാബുവിനെ പുറത്താക്കണമെന്ന്‌ യുഡിഎഫ്


തൃപ്പൂണിത്തുറ കോൺഗ്രസിൽ തർക്കം രൂക്ഷം. കെ ബാബു തോൽക്കുമെന്നും, ബിജെപിയുമായി ധാരണ ഉണ്ടാക്കിയെന്നും വെളിപ്പെടുത്തിയ മുതിർന്ന നേതാവ്‌ എ ബി സാബുവിനെ പുറത്താക്കണമെന്ന്‌ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിർണായക ഘട്ടത്തിൽ പാർട്ടിയെയും സ്‌ഥാനാർഥിയെയും പ്രതിസന്ധിയിലാക്കിയെന്നാണ്‌ സാബുവിനെതിരെ യുഡിഎഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി ഇറക്കിയ കുറിപ്പിൽ പറയുന്നത്‌.

സാബുവിനെ ഉടൻ പുറത്താക്കണമെന്ന് യോഗം കെപിസി സി നേതൃത്വത്തോട് ഏകകണ്ഠമായി ആവശ്യപ്പെട്ടു. ബിജെപിയുമായുള്ള വോട്ടുകച്ചവടം ബാബുവിന് തിരിച്ചടിയാകും. മണ്ഡലത്തിൽ എം സ്വരാജിന് അനുകൂല സഹാചര്യമാണെന്നും സാബു നേരത്തെ പറഞ്ഞിരുന്നു. ഐ വിഭാഗത്തെ പൂർണമായും അവഗണിച്ചായിരുന്നു മണ്ഡലത്തിൽ ബാബുവിൻ്റെ പ്രചാരണമെന്നും സാബു തുറന്നടിച്ചു.

സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കെ ബാബു തന്നെ കുറ്റവിമുക്തനാക്കിയെന്ന് പറഞ്ഞ് ഒരു രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍ അത് കുറ്റവിമുക്തനാക്കിയ രേഖയല്ല. അത് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഒരു രേഖ മാത്രമാണെന്നും സാബു തെരഞ്ഞെടുപ്പിന്‌ മുൻപ്‌ തുറന്നടിച്ചു. ജനങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ കാത്തിരുന്നവരെ നിരാശരാക്കി എന്നുമാണ്‌ സാബു പറഞ്ഞിരുന്നത്‌.

മണ്ഡലത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണങ്ങളില്‍നിന്ന് വിട്ടുനിന്നതായി പരാതിയുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here