മുരുകന്‍ കാട്ടാക്കടയ്‌ക്കെതിരായ ഭീഷണി ഫാസിസ്റ്റ് രീതി: ആനാവൂര്‍ നാഗപ്പന്‍

പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയ്ക്ക് നേരെയുള്ള വധഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാാവൂര്‍ നാഗപ്പന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പായതോടെ പരാജയ ഭീതിയിലായ എതിരാളികള്‍ അക്രമം അഴിച്ചു വിടുകയാണ്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുകയും നാടിന്റെ പുരോഗതിക്കായി അതേ നയങ്ങള്‍ കൂടുതല്‍ ശക്തിയായി തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്ത നിരവധി പേരാണ് സമൂഹത്തിന്റെ നാനാതുറകളിലും നിന്നും രംഗത്തു വന്നത്. ഇവരൊക്കെ സ്വമേധയാ ഇടതുമുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

സാധാരണക്കാര്‍ക്കൊപ്പം തന്നെ സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ തുടങ്ങി നിരവധി മേഖലയിലുള്ളവരാണ് പ്രചാരണ രംഗത്ത് തങ്ങളുടേതായ രീതിയില്‍ സജീവമായത്. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ ഫാസിസ്റ്റ് മാര്‍ഗം അവലംബിച്ച് ഇടതുപക്ഷത്തിനായി രംഗത്തിറങ്ങിയവര്‍ക്കെതിരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളുമായി രംഗത്തു വരുകയാണ്.

സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ ചൊരിയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് മുതല്‍ വധ ഭീഷണി വരെ മുഴക്കുന്നുണ്ട്. തെരുവുകളില്‍ രാഷ്ട്രീയ എതിരാളികള്‍ ഗുണ്ടാ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതിനു സമാനമാണ് ഫോണിലും ഇ മെയിലുകളിലും വധഭീഷണി മുഴക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.

സാംസ്‌കാരിക മേഖലയില്‍ നടത്തുന്ന ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കുകയും വേണം. മുരുകന്‍ കാട്ടാക്കടയെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകള്‍ തന്നെയാണ്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here