കൊവിഡ്: രണ്ടാം തരംഗത്തിലേക്ക് സംസ്ഥാനം; അടുത്ത മൂന്നാ‍ഴ്ച നിര്‍ണായകം; തീവ്രമാകില്ലെന്ന് നിഗമനം

സംസ്ഥാനം കോവിഡ്‌ രണ്ടാംതരംഗത്തിലേക്ക്. വരുന്ന മൂന്നാഴ്ച നിർണായകം. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്ര വ്യാപനവും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതും കണക്കിലെടുത്ത്‌ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ആദ്യ തരംഗത്തിലേതുപോലെ രോഗവ്യാപനം തീവ്രമാകില്ലെന്നും ലോക്‌ഡൗൺ വേണ്ടിവരില്ലെന്നുമാണ്‌ വിദഗ്‌ധ നിഗമനം.

ഓണാഘോഷവും തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ സമയത്ത്‌ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 70,000ത്തിന് മുകളിലായി. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാർച്ച് 22ന് പ്രതിദിന രോഗികളുടെ എണ്ണം 1239 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 25,000ന് താഴെയുമാക്കാനായി.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന രോഗികളുടെ എണ്ണം വ്യാഴാഴ്‌ച 4000 കടന്നു. സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേർക്കാണ്‌ കോവിഡ് വന്നത്‌.

കോവിഡ് മാനദണ്ഡങ്ങൾക്ക്‌ മാറ്റമില്ല

വിദേശത്തുനിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള കോവിഡ് മാനദണ്ഡത്തിൽ മാറ്റമില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി അറിയിച്ചു.

മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ഒരാഴ്ച ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തണം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന്‌, ഏഴു ദിവസത്തിനകം മടങ്ങിപ്പോകുന്നവർക്ക്‌ ക്വാറന്റൈൻ വേണ്ട.

ഇന്ത്യയിൽനിന്നുള്ളവർക്ക് 
ന്യൂസിലൻഡിൽ പ്രവേശനവിലക്ക്

കോവിഡ്‌ രണ്ടാം വ്യാപനം രൂക്ഷമായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ന്യൂസിലൻഡിൽ പ്രവേശനനിരോധനം. ഏപ്രിൽ 11 മുതൽ 28വരെയാണ് നിരോധനമെന്ന് പ്രധാനമന്ത്രി ജസിന്ദ ആർഡേൻ അറിയിച്ചു. ഇന്ത്യയിൽനിന്ന് എത്തുന്നവരെ ഹെെ റിസ്ക് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ന്യൂസിലൻഡ് പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും നിരോധനം ബാധകമാണ്. വ്യാഴാഴ്ച പുതുതായി 23 പേർക്ക്‌ രോഗം റിപ്പോർട്ട് ചെയ്തതിൽ 17 പേരും ഇന്ത്യയിൽനിന്ന് എത്തിയവരാണ്. 40 ദിവസമായി ന്യൂസിലൻഡിൽ ആർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചില്ല.

4353 രോഗികൾ; രോഗമുക്തർ 2205

സംസ്ഥാനത്ത്‌ വ്യാഴാഴ്ച 4353 കോവിഡ് ബാധിതര്‍. രോ​ഗികള്‍ നാലായിരം കടക്കുന്നത് ഒരു മാസത്തിന് ശേഷം. എറണാകുളത്തത്ത് ഏറ്റവും ‌കൂടുതൽ–- 654 പേർ. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽനിന്ന്‌ വന്ന ആർക്കും 24 മണിക്കൂറിൽ കോവിഡ്- സ്ഥിരീകരിച്ചില്ല. 24 മണിക്കൂറിനിടെ 63,901 സാമ്പിൾ പരിശോധിച്ചു. 18 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4728. രോഗസ്ഥിരീകരണ നിരക്ക് 6.81 ശതമാനം. രോഗമുക്തർ 2205. ചികിത്സയിൽ 33,621 പേര്‍. ആകെ രോഗമുക്തർ 11,10,283. നിരീക്ഷണത്തില്‍ 1,55,683 പേര്‍. ആകെ ഹോട്ട് സ്‌പോട്ട്‌‌ 363.

നാഡീവ്യൂഹത്തെ 
ബാധിച്ചേക്കാം

കൊറോണ വൈറസിലെ മൈക്രോ ആർഎൻഎയുടെ അതിപ്രസരം കോവിഡ് ബാധിതരുടെ നാഡീവ്യൂഹത്തെ തകരാറിലാക്കിയേക്കാമെന്ന്‌
തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ പഠനറിപ്പോർട്ട്‌. മൈക്രോ ആർഎൻഎ കേന്ദ്രീകരിച്ച്‌ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാനുള്ള സാധ്യതയും പഠനം തുറന്നിട്ടു.

കോവിഡ്- ബാധിച്ച പലരിലും നാഡീവ്യൂഹത്തെയും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കുന്നതായി കണ്ടുവരുന്നു. രുചിയും മണവും അനുഭവപ്പെടാതിരിക്കുക, തലവേദന, പക്ഷാഘാതം, മസ്തിഷ്ക രക്തസ്രാവം തുടങ്ങിയ രോഗലക്ഷണങ്ങൾ എങ്ങനെയാണ്‌ വൈറസ്‌ സൃഷ്‌ടിക്കുന്നതെന്ന്‌ ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് ബാധിച്ച രോഗികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്പൈക്ക് പ്രോട്ടീനുകൾ (വൈറസ്‌ ഘടനയിൽ മുള്ളുകൾ പോലെ കാണപ്പെടുന്നത്‌) വഴി മസ്തിഷ്കത്തിലും നാഡീവ്യൂഹത്തിലുമെത്തിപ്പെടുന്ന മൈക്രോ ആർഎൻഎയുടെ അതിപ്രസരം നാഡീവ്യവസ്ഥയ്‌ക്ക് ഏൽപ്പിക്കുന്ന ക്ഷതമാണ് ഇത്തരം രോഗലക്ഷണങ്ങൾക്ക്‌ അടിസ്ഥാനമാകുന്നതെന്നാണ് ഗവേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഖിൽ സി ബാനർജിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

“ക്രഷ്’ ചെയ്യാം 
രണ്ടാംതരംഗത്തെ

ഡോ. മുഹമ്മദ്‌ അഷീൽ 
(സാമൂഹ്യസുരക്ഷാ മിഷൻ 
എക്സിക്യൂട്ടീവ്‌ ഡയറക്ടർ)
കോവിഡ്‌ ആദ്യതരംഗം പരമാവധി വൈകിപ്പിക്കാൻ സംസ്ഥാനത്തിനായി. മറ്റു സംസ്ഥാനങ്ങൾ രണ്ടാംതരംഗത്തിൽ പ്രവേശിച്ചശേഷമാണ്‌ കേരളത്തിൽ അതിന് തുടക്കമുണ്ടായത്‌. ഏപ്രിലിലെ ആദ്യ മൂന്നാഴ്ച ജാഗ്രത വേണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗവ്യാപനം ഈ ആഴ്ചകളിൽ പ്രതിഫലിക്കും. അതിനാൽ, വ്യാപനം വൈകിപ്പിക്കാനല്ല, മറിച്ച്‌ “ക്രഷ്‌’ (രോഗം വരാത്തവർക്ക്‌ വാക്സിൻ നൽകി രോഗം പ്രതിരോധിക്കൽ) ചെയ്യാനാണ്‌ ശ്രമിക്കേണ്ടത്‌. രോഗവ്യാപനത്തെ തകർക്കുകയെന്നാണ്‌ ലക്ഷ്യം

വാക്സിൻ സ്വീകരിക്കാം

ഡോ. ബി ഇക്‌ബാൽ ,കോവിഡ്‌ വിദഗ്ധ സമിതി 
അധ്യക്ഷൻ
രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കാൻ കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകണം. കുറച്ചുപേർമാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ, സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ് ജനിതകമാറ്റത്തിന് വിധേയമായി കൂടുതൽ തീവ്രസ്വഭാവം കൈവരിക്കും. വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽപ്പോലും രോഗത്തിന് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News