വിദ്വേഷ പ്രചാരകര്‍ക്ക് ഡാന്‍സിലൂടെ തന്നെ മറുപടി നല്‍കി ജാനകിയും നവീനും വീണ്ടും

റാ…റാ… റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവടുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും പുതിയ ചുവടുകളുമായി വീണ്ടും തരംഗമാവുന്നു.

വിദ്വേഷ പ്രചാരണങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നും ഇനിയും ഡാന്‍സ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

‘ഒന്നിച്ചാണ് ക്ലാസില്‍ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാന്‍ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാന്‍സ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെന്‍സില്‍ എടുക്കണം. ഞങ്ങള്‍ എന്റര്‍ടെയ്ന്‍മെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയില്‍ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങള്‍ തന്നെ ആകണമെന്നില്ല. ഡാന്‍സ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജില്‍. ഇതിനും തീര്‍ച്ചയായും എടുക്കും.’ – എന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

റാസ്പുടിന്‍ ഡാന്‍സ് വൈറലായതിന് പിന്നാലെ ഇരുവരുടെയും മതം ചൂണ്ടിക്കാട്ടി സംഘപരിവാരം ഇവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ജാനകിക്കും നവീനും പിന്‍തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ എന്ന ഗാനത്തിനാണ് പുതിയതായി ജാനകിയും നവീനും ചുവടുവച്ചിരിക്കുന്നത്. ആദ്യത്തത് പോലെ തന്നെ ഈ ഡാന്‍സും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഇരുവര്‍ക്കുമുല്ള പിന്‍തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചുകൊണ്ടാണ് പലരും വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ധൈര്യമായി മുന്നോട്ട് പോവുക’ എന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ഡാന്‍സ് വൈറലായതോടെയാണ് സംഘപരിവാരം ജാനകിക്കും നവീനുമെതിരെ മതംപരാമര്‍ശിച്ചുകൊണ്ടുള്ള വിദ്വേഷ പ്രചാരണത്തിന് സംഘടിതമായ ശ്രമം നടത്തിയത്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇത്തരക്കാരില്‍ നിന്നും ഉണ്ടായത്.കൃഷ്ണരാജ് എന്ന അഡ്വക്കേറ്റ് ആണ് വർഗീയതയുടെ പോസ്റ്റ് ആദ്യം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് .

കൃഷ്ണ രാജിന്റെ ആദ്യ പരാമര്‍ശം : ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”

ആദ്യ പോസ്റ്റ് രൂക്ഷമായ വിമര്‍ശനങ്ങളേറ്റു വാങ്ങിയതോടെ വര്‍ഗീയത ആവര്‍ത്തിച്ച് ഇയാള്‍ രംഗത്തുവന്നു.

കൃഷ്ണരാജിന്റെ രണ്ടാമത്തെ പോസ്റ്റ്: ”ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിക്ക് കൊണ്ടു. ജിഹാദികള്‍ക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികള്‍ക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു. എന്തൊരു വെറളിയും വെപ്രാളവും. ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടി. ജിഹാദി മാധ്യമങ്ങളുടെ വക ജിഹാദികള്‍ക്ക് പൊങ്കാലക്കുള്ള ഒഫിഷ്യല്‍ ക്ഷണം. കമെന്റ് ബോക്സ് തുറന്ന് തന്നെ വെച്ചു. അറിയണമല്ലോ. ഒരു മതത്തിന്റെ കാര്യവും പരാമര്‍ശിക്കാത്ത പോസ്റ്റ് വളരെ പെട്ടെന്ന് ലൗ ജിഹാദിനെതിരെയുള്ള പോസ്റ്റ് ആയി മാറി. കമന്റുകള്‍ വായിക്കാറില്ലെങ്കിലും അതിന്റെ എണ്ണം കണ്ടപ്പോള്‍ കാര്യം പുടികിട്ടി. അത് കണ്ട് മനസ്സ് നിറഞ്ഞു. എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്തു എത്തി. കൊള്ളേണ്ടിടത്തു കൊണ്ടു. ഹിന്ദു ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നു. ഇത്രേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും. ഞാന്‍ ചാരിതാര്‍ത്ഥ്യനായി.’

ജാനകി ഓം കുമാറിനെതിരേയും നവീന്‍ റസാക്കിനെതിരേയും നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പ്രതികരിച്ച് മന്ത്രി വിഎസ് സുനില്‍ കുമാര്‍. സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരെന്നും സുനില്‍ കുമാര്‍ പറഞ്ഞു. :

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News