പള്ളി നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടയിടത്തെന്ന് ഹര്‍ജി; കാശി ജ്ഞാന്‍വാപിയിലും പര്യവേഷണം

കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി മുസ്ലീം പള്ളിയില്‍ പര്യവേഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വാരാണസി സിവില്‍ കോടതി അനുമതി. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ഹിന്ദുക്കളുടേതാണെന്ന ഹര്‍ജിയിലാണ് വിധി. ഹര്‍ജിയെ മോസ്ക് മാനേജ്മെന്‍റ് കമ്മിറ്റി എതിര്‍ത്തു.

കാശി വിശ്വനാഥ ക്ഷേത്രത്തോട്‌ ചേർന്നുള്ള ജ്ഞാൻവാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കളുടേതാണെന്ന്‌ അവകാശപ്പെട്ട്‌ അഭിഭാഷകൻ വിജയ്‌ ശങ്കർ റസ്‌തോഗിയും മറ്റ്‌ നാലുപേരും നൽകിയ ഹർജിയിലാണ്‌ വാരാണസി സിവില്‍ കോടതിയുടെ വിധി.

ക‍ഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ നിയമനീക്കങ്ങളുടെ ഭാഗമായി കൂടിയാണ് വിധി. വിധിയുടെ ഭാഗമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ അഞ്ച്‌ പുരാവസ്‌തുഗവേഷകർ ഉൾപ്പെട്ട സമിതിയെ നിയോഗിക്കണം. രണ്ട്‌ അംഗങ്ങൾ ന്യൂനപക്ഷവിഭാഗത്തിൽനിന്നാവുന്നത്‌ അഭികാമ്യമാണ്‌.

സമിതിയുടെ നിരീക്ഷകനായി വിദഗ്‌ധനെ നിയോഗിക്കണം. സമിതി റിപ്പോർട്ട്‌ സമർപ്പിക്കേണ്ടത്‌ ഈ നിരീക്ഷകന്റെ പക്കലാണ്‌. പര്യവേക്ഷണം നടക്കുമ്പോൾ മുസ്ലിങ്ങളുടെ നമസ്‌‌ തടസ്സപ്പെടാൻ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

രണ്ടായിരം വർഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരുഭാഗം‌ പൊളിച്ച് 1669ൽ മുഗൾ രാജാവ്‌ ഔറംഗസേബ്‌ പണിതതാണ്‌ ജ്ഞാൻവാപി പള്ളി എന്നാണ് ഹർജിയിലെ ആരോപണം. പള്ളിയുള്ളിടത്ത്‌ മുമ്പ്‌ ക്ഷേത്രം നിലനിന്നിരുന്നോ, അഥവാ കെട്ടിടത്തിന്‌ രൂപമാറ്റം വരുത്തിയതാണോ എന്ന്‌ കണ്ടെത്താനാണ്‌ സർവേ നടത്താൻ കോടതി ആവശ്യപ്പെട്ടത്‌.

എന്നാല്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ നേതൃത്വത്തില്‍ രാജാ മാന്‍ സിംഗും രാജാ തോടാ മലും പതിനാറാം നൂറ്റാണ്ടില്‍ പുനരുദ്ധാരണം നടത്തിയതാണ് കാശി വിശ്വനാഥക്ഷേത്രം എന്നാണ് നിവിലെ ചരിത്ര ശേഷിപ്പുകള്‍ പറയുന്നത്.

1991ലെ ആരാധനാലയ നിയമത്തിന് മേല്‍ കൂടിയാണ് വാരാണസി സിവില്‍ കോടതിയുടെ ഈ വിധി. 1991 ലെ ഈ നിയമം പുനഃപരിശോധിക്കാനും നേരത്തെ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു.

1947 ആഗസ്‌ത്‌ 15ന്‌ ഉണ്ടായിരുന്നതുപോലെതന്നെ ആരാധനാലയങ്ങളുടെ സ്വഭാവം നിലനിർത്തണമെന്നും ഇതുസംബന്ധിച്ച്‌ കോടതികളിൽ കേസുകളോ നിയമ നടപടികളോ ഉണ്ടാകാൻ പാടില്ലെന്നുമായിരുന്നു 1991ലെ നിയമം അനുശാസിക്കുന്നത്‌.

അയോധ്യ മാത്രമായിരുന്നു ഈ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടിരുന്നത്‌. ആ സമയത്ത് അയോധ്യ-ബാബ്റി തർക്കം കോടതിയിലായതിനാലായിരുന്നു ഇത്‌.

അയോധ്യയിൽ ബാബ്‌‌റി മസ്‌ജിദ്‌ തകർക്കുന്നതിനുള്ള കർസേവ നടക്കവേതന്നെ ഉയർന്ന മുദ്രാവാക്യമായിരുന്നു ‘അടുത്തത്‌ കാശിയും മഥുരയും’എന്നത്‌.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് സേഷം നടന്ന നിയമവ്യവഹാരങ്ങളെ തുടര്‍ന്ന് ബാബ്റി പള്ളി പൊളിച്ചവരെന്ന് ആരോപിക്കപ്പെട്ടവരെല്ലാം കുറ്റവിമുക്തരായി. ജ്ഞാന്‍വാപി പള്ളിക്ക് പിന്നാലെ മഥുര ഷാഹി ഈദ്ഗാഹാണ് സംഘപരിവാരത്തിന്‍റെ അടുത്ത ലക്ഷ്യമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here