രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിന് വിചിത്ര ന്യായവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യസഭാതെരഞ്ഞെടുപ്പ് നീട്ടിവെച്ചതിന് വിചിത്ര ന്യായവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

കാലാവധി തീരാറായ നിയമസഭയിലെ അംഗങ്ങള്‍ പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്താല്‍ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തിലേത് അസാധാരണ സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചതായും   തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധികസത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 17ന് പ്രഖ്യാപിക്കേണ്ട രാജ്യസഭാതെരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് മരവിപ്പിച്ച നടപടിക്കെതിരെ എസ് ശര്‍മ്മ എം എല്‍ എയും നിയമസഭാസെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ്
കമ്മീഷനോട് നിലപാടറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നത്.

ഏപ്രില്‍ 21നേ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കാന്‍ ക‍ഴിയൂവെന്ന് ക‍‍ഴിഞ്ഞ 7ന് ഹര്‍ജി പരിഗണിക്കവെ കമ്മീഷന്‍ അറിയിച്ചിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഇതെത്തുടര്‍ന്നാണ് വിചിത്രവാദം ഉന്നയിച്ച് കമ്മീഷന്‍ കോടതിക്ക് മറുപടി നല്‍കിയത്.രാജ്യസഭ,നിയമസഭയുടെ കണ്ണാടിയാണ്.നിലവിലെ
രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു.

ഈ സാഹചര്യത്തില്‍ കാലവധി അവസാനിക്കാറായ നിയമസഭയിലെ
അംഗങ്ങള്‍ പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുത്താല്‍ ജനാഭിലാഷം നിറവേറില്ലെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചതായി കമ്മീഷന്‍ പറഞ്ഞു.

അതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചതായും കമ്മീഷന്‍ അറിയിച്ചു.

നിയമസഭയുടെ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം നിലപാടെടുത്ത കമ്മീഷന്‍ പിന്നീട് കോടതിയില്‍ മലക്കം മറിഞ്ഞിരുന്നു.രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കമ്മീഷന്‍റെ മലക്കം മറിച്ചിലെന്ന് നേരത്തെതന്നെ  ആരോപണം ഉയര്‍ന്നിരുന്നു.

നിലവില്‍ ഒ‍ഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടുസീറ്റ്‌ എൽഡിഎഫിന്‌ കിട്ടും.

ഇത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കമ്മീഷനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും സി പി ഐ എം ആരോപിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here