ജ്ഞാന്‍വാപി പള്ളിയില്‍ പര്യവേക്ഷണം: വാരാണസി കോടതി വിധി നിയമലംഘനമെന്ന് സിപിഐ എം

വാരാണസി ജ്ഞാന്‍വാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരാണസി സിവില്‍ കോടതി നടപടി നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി സംരക്ഷിക്കാന്‍ ആരാധനാലയ പ്രത്യേക വ്യവസ്ഥനിയമം അനുശാസിക്കുന്നു. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ ഉയര്‍ന്ന നീതിപീഠം ഉടന്‍ ഇടപെടണമെന്ന് പിബി ആവശ്യപ്പെട്ടു.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി മുസ്ലിം പള്ളിയില്‍ പര്യവേക്ഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക് കഴിഞ്ഞ ദിവസമാണ് വാരാണസി സിവില്‍ കോടതി അനുമതി നല്‍കിയത്. പര്യവേക്ഷണത്തിന്റെ ചെലവ് എഎസ്ഐ തന്നെ വഹിക്കണമെന്നും വിധിയില്‍ പറയുന്നു. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കളുടേതാണെന്ന് അവകാശപ്പെട്ട് അഭിഭാഷകന്‍ വിജയ് ശങ്കര്‍ റസ്തോഗിയും മറ്റ് നാലുപേരും നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹര്‍ജിയെ പള്ളി മാനേജ്മെന്റ് കമ്മിറ്റി എതിര്‍ത്തു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ച് 1669ല്‍ മുഗള്‍ രാജാവ് ഔറംഗസേബ് പണിതതാണ് ജ്ഞാന്‍വാപി പള്ളി എന്നാണ് ഹര്‍ജിയിലെ ആരോപണം. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം മുസ്ലിങ്ങള്‍ കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പള്ളിയുള്ളിടത്ത് മുമ്പ് ക്ഷേത്രം നിലനിന്നിരുന്നോ, അഥവാ കെട്ടിടത്തിന് രൂപമാറ്റം വരുത്തിയതാണോ എന്ന് കണ്ടെത്താനാണ് സര്‍വേ നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.

ഇതിനായി പള്ളിയുടെ കാലപ്പഴക്കം, വലുപ്പം, രൂപകല്‍പ്പനാരീതി, നിര്‍മാണ സാമഗ്രികള്‍ എന്നിവ പരിശോധിക്കണം. കെട്ടിടത്തില്‍ മാറ്റിമറിക്കലുകള്‍ വരുത്തിയിട്ടുണ്ടോ എന്നും നോക്കണം. ഇതിന് അഞ്ച് പുരാവസ്തുഗവേഷകര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കണം. രണ്ട് അംഗങ്ങള്‍ ന്യൂനപക്ഷവിഭാഗത്തില്‍നിന്നാവുന്നത് അഭികാമ്യമാണ്. സമിതിയുടെ നിരീക്ഷകനായി വിദഗ്ധനെ നിയോഗിക്കണം. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഈ നിരീക്ഷകന്റെ പക്കലാണ്.

പര്യവേക്ഷണം നടക്കുമ്പോള്‍ മുസ്ലിങ്ങളുടെ നമസ് തടസ്സപ്പെടാന്‍ പാടില്ല. ഇത് അസാധ്യമാണെന്ന് വന്നാല്‍ നമസിന് ബദല്‍സംവിധാനം സമിതി ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വൈകിട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് പര്യവേക്ഷണം നടത്തേണ്ടത്. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നല്‍കരുത്. പര്യവേക്ഷണം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News