മലയാളത്തിന് അവിസ്മരണീയ കാവ്യസംഭാവനകള്‍ നല്‍കിയ ഒളപ്പമണ്ണയ്ക്ക് പ്രണാമം അര്‍പ്പിച്ച് ടി ആര്‍ അജയന്‍

മലയാളത്തിന് അവിസ്മരണീയ കാവ്യസംഭാവനകള്‍ നല്‍കിയ ഒളപ്പമണ്ണയ്ക്ക് പ്രണാമം അര്‍പ്പിച്ച് കൈരളി ഡയറക്ടര്‍ ടി ആര്‍ അജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രണാമം അര്‍പ്പിച്ചത്.

ശരാശരിമനുഷ്യന്റെ ഭൗതിക ജീവിതതലത്തില്‍ കയ്പ്പും ചവര്‍പ്പുമുള്ള ഒട്ടേറെ കഷായങ്ങള്‍കുടിക്കേണ്ടിവരുന്നുവെന്ന് അദ്ദേഹം കണ്ടുവെന്നും ടി ആര്‍ അജയന്‍ പറയുന്നു.

ഈ കഷായത്തിലെ കൂട്ടുകള്‍എന്തൊക്കെയാണെന്നറിയാനുള്ള ദുഃഖസത്യാന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനകാവ്യജീവിതമെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒളപ്പമണ്ണക്കു പ്രണാമം.
ഇന്ന് മലയാളത്തിന് അവിസ്മരണീയ കാവ്യസംഭവനകൾ നൽകിയ
ഒളപ്പമണ്ണയുടെ ഓർമ്മ ദിനം
പ്രകൃതിയെയും പാരമ്പര്യത്തെയുംപണ്ടേ തിരിച്ചറിഞ്ഞ കവിയായിരുന്നു ഒളപ്പമണ്ണ. കുലീനമായൊരുസംസ്കാരത്തിന്റെ മുഖമാണ് ഒളപ്പമണ്ണക്കവിത. സമ്പന്നതയുടെ മടിത്തട്ടിൽനിന്നുഎഴുന്നേറ്റിറങ്ങിപ്പോന്നു മർദ്ദിതർക്കുവേണ്ടി പാടിയ സുഫലാത്മാവിയിരുന്നു അദ്ദേഹം.

കാവ്യസങ്കല്പങ്ങളിലും കാവ്യഭാഷയിലും പഴയ റൊമാന്റിക് ഒഴുക്കിനെ അദ്ദേഹം മുറിച്ചുനീന്തി. പഴയ മൂല്യസങ്കല്പങ്ങളോടും കാപട്യങ്ങളോടുമുള്ള പ്രതിഷേധം നിരന്തരംപ്രകടിപ്പിച്ച ഒളപ്പമണ്ണ ഭൂതകാലത്തിന്റെ താക്കോൽ കൊണ്ട് ഭാവിയെ തുറക്കാൻസാധ്യമല്ലെന്നും അതിനു പുതിയ താക്കോൽ തീർക്കേണ്ടത് അനിവാര്യമാണെന്നും നമ്മോട്പറഞ്ഞുകൊണ്ടേയിരുന്നു.

“ആർഷസംസ്കാരം – നോക്കൂ ; ജാതിയും മതങ്ങളു -മായുധമെടുക്കുന്നിതന്യോന്യംകുത്തിക്കീറാൻ ” എന്നും
“വറ്റിക്കും കുളത്തിലെവെള്ളംപോൽ പകലിന്റെ വെട്ടവുമാകാശത്തു കലങ്ങിക്കുറുകുമ്പോൾ മടങ്ങിപ്പൊന്നേൻ, ഇപ്പൊളർദ്ധനിദ്രയിലായ മനസ്സിൽ നിഴലായി വഹിച്ചേൻഗിരികൂടം” എന്നും
“സ്വാതന്ത്ര്യമുദിച്ചുവോ ?

വിള കൊയ്‌തോടാൻ വന്ന ഘാതകൻ പാടത്തിന്റെ നടുക്ക്നിൽപ്പുണ്ടിന്നും സ്വാതന്ത്രോദയത്തിന്റെ ശോഭയല്ലനാം കണ്ടു പാതിരാവിൽ പൊട്ടിച്ചൂട്ടിന്റെചിരി മാത്രം”എന്നും അദ്ദേഹം പരിതപിക്കുന്നു.

“ഒളപ്പമണ്ണയുടെകാവ്യജീവിതത്തെ മൂന്നു ഘട്ടങ്ങളായി വിഭജിച്ചു കാണാമെന്നു തോന്നുന്നു. ‘വീണ’ , ‘കൽപന’, ‘കുളമ്പടി’, ‘കിലുങ്ങുന്ന കയ്യാമം’,’ഇലത്താളം’, ‘റബ്ബർ വൈഫും മറ്റു കവിതകളും ‘, ‘തീത്തൈലം ‘. ‘അശരീരികൾ’എന്നിവ ആദ്യകാലഘട്ടത്തിന്റെയും ‘, ‘പാഞ്ചാലി’ ,’കഥാകവിതകൾ’, ‘ഏഹി സൂനരി’, ‘ഒലിച്ചുപോകുന്ന ഞാൻ’, എന്നിവ രണ്ടാം ഘട്ടത്തിന്റെയും പ്രതിനിധികളാവുന്നു.

ദര്ശനത്തിന്റെ തലത്തിൽ വ്യക്തമായൊരുപരിണതിയുണ്ടാകുന്ന കലാബിന്ദു ‘ഒലിച്ചുപോകുന്ന ഞാൻ’ എന്ന കവിതയുടെ രചനയാണെന്നു പറയാം . അതിനു ശേഷമാണ് ഈ കവിയുടെ ഏറ്റവുംപ്രകൃഷ്ടമായ കാവ്യഗ്രന്ഥങ്ങൾ – നങ്ങേമക്കുട്ടി, ആനമൂത്ത്,സഫല, ദുഖമാവുക സുഖം, നിഴലാന എന്നിവ- പുറത്തുവന്നത്.

അച്ഛനും മകനുംകൃഷിക്കാരനും ദേശസ്നേഹിയും മനുഷ്യസ്നേഹിയുമായ ഒളപ്പമണ്ണയുടെ നാനാമുഖങ്ങളെ ഇവപ്രത്യക്ഷീകരിച്ച് കാട്ടുന്നു” എന്ന് നിഴലാനയുടെ ആമുഖത്തിൽ ആത്മാരാമൻപറയുന്നത് നൂറു ശതമാനം സത്യമാണ്.

വാക്യഘടനയിൽ വരുത്തുന്നവ്യതിയാനങ്ങൾ, വിഭിന്നാംശങ്ങളുടെ ആവൃത്തി, തൻവിനയെച്ചത്തിന്റെ ഉപയോഗം , ആശംസകപ്രകാരത്തോടുള്ള പ്രതിപത്തി , സമുച്ചയങ്ങളുടെസമൃദ്ധി എന്നീ വൈവിധ്യവിശേഷങ്ങളാണ്ഒളപ്പമണ്ണക്കവിതകളുടെ ശൈലീപരമായ സവിശേഷതകൾ.

ഒളപ്പമണ്ണകവിതയുടെ ഹൃദയം തൊട്ട വിഷ്ണുനാരായണൻനമ്പൂതിരി ജാലകപ്പക്ഷിയുടെ അവതാരികയിൽ അദ്ദേഹത്തെവിശേഷിപ്പിച്ചത് “ഐന്ദ്രിയാനുഭൂതികളുടെ കവി “എന്നാണു. ഈ ഐന്ദ്രിയാനുഭൂതിയുടെ വ്യത്യസ്തമുഖങ്ങൾഅവയുടെ എല്ലാ ഭാവ തീവ്രതയോടും അഗാധതയോടും കൂടി ഒളപ്പമണ്ണക്കവിതകളിൽ നിറഞ്ഞുതുളുമ്പുന്നു. “

മധുരച്ചാറുംചോറുമൈതിരിയുപ്പും കൂട്ടി മതിയാവോളം തുടച്ചുണ്ണുകതൊണ്ണൂറ്റഞ്ചാം വയസ്സിലമ്മേ! വലംകൈയിലമ്മക്കുംമതി-വാര്തതല്ലോ ജീവിതാസവരസാസ്വാദം!” എന്നും
“ഒക്കെയും കണ്ടുമടങ്ങുമ്പോളാണല്ലോ മക്കളേ , നിങ്ങളറിഞ്ഞിടുന്നൂ ;നാടായ നാടൊക്കെകണ്ടുവെന്നാകിലും വീടാണ് ലോകം, വലിയ ലോകം!” എന്നും

“കത്തലാണല്ലോ ധർമംകൊളുത്തപ്പെടുന്നതാ -മിത്തിരി തീരുംവരെ കാതലാണല്ലോധർമ്മം ഒടുക്കം തേജോമയനീശ്വരൻചോദിക്കുമ്പോൾ കൊടുക്കാം തിരി കത്തിത്തീരവേതേജോനാളം” എന്നും
“ഏഹി സൂനരി , നീയെന്മുരളികയിൽ സ്നേഹഗാനമായൂറിനിന്നീടുകിൽ പൂവിലുള്ള തേൻതുള്ളി പോലാകുമെൻ ജീവിതത്തിന്റെ നൊമ്പരം കൂടിയും” എന്നും ” ദുഃഖമാവുക! മറ്റൊരർത്ഥത്തിൽ കേട്ടെൻ, ഞാനി-തുൾക്കൊണ്ടേൻ ; പരിശുദ്ധദുഃഖമാവുക ധർമ്മം!” എന്നും അദ്ദേഹം രചിച്ചത് ഈഅനുഭൂതികളുടെ രസം അറിഞ്ഞുകൊണ്ട് തന്നെ, ഏതനുഭവവും തൻെറ തട്ടകത്തിലേക്കുതാളപ്പെടുത്തിയെടുക്കുന്നതിൽ ഒട്ടേറെ തനിമ പ്രകടിപ്പിച്ച കവിയായിരുന്നു അദ്ദേഹം .

“ഞാനൊരുമണ്ണാർക്കാട്ടുകാരനാ; ണെന്നാൽമണ്ണാർ-ക്കാടിന്റെയതിർത്തിയും ലദ്ദാക്കെന്നറിവൂ ഞാൻ ” ദുഖത്തിന്റെഅനന്തവിചിത്രമുഖങ്ങൾ കണ്ടെത്തുക ; അവയെശക്തമായ ചിത്രീകരണങ്ങളിലൂടെ അനുഭവവേദ്യമാക്കി അനാവരണം ചെയ്യുക എന്നതാണ്ഒളപ്പമണ്ണയുടെ കാവ്യജീവിതാന്വേഷണത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.

ശരാശരിമനുഷ്യന്റെ ഭൗതിക ജീവിതതലത്തിൽ കയ്പ്പും ചവർപ്പുമുള്ള ഒട്ടേറെ കഷായങ്ങൾകുടിക്കേണ്ടിവരുന്നുവെന്ന് അദ്ദേഹം കണ്ടു. ഈ കഷായത്തിലെ കൂട്ടുകൾഎന്തൊക്കെയാണെന്നറിയാനുള്ള ദുഃഖസത്യാന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനകാവ്യജീവിതം.

“ഒളപ്പമണ്ണ അന്തഃപുരത്തിലും അങ്ങാടിയിലും നഗരത്തിലുംനാട്ടിൻപുറത്തും കാട്ടിലും മേട്ടിലും കടലിലും കുടിലിലും പാടത്തും പറമ്പിലുംമാടത്തിലും മാളികയിലും എല്ലാം തേടിത്തേടി ശേഖരിച്ചിരിക്കുന്നത് ഈ ദുഃഖകാഷായത്തിനുവേണ്ടി നിയതി ഒരുക്കിയിട്ടുള്ള മൂലങ്ങളും ഇലകളും തൊലികളും പൂക്കളും കായ്കളുമാണെ”ന്നും ” ജീവിതസമുദ്രത്തിൽമുങ്ങിത്തപ്പി വേദനയുടെ മുക്തഫലങ്ങളുള്ള ശുക്തികകളെ തിരഞ്ഞുപിടിക്കാൻ വേണ്ടി തീർത്ഥസ്നാനത്തിനിറങ്ങിയ കവിയാണ് ഒളപ്പമണ്ണ “എന്നും പ്രൊഫ: എം.ലീലാവതി സാക്ഷ്യപ്പെടുത്തുന്നു.ഒളപ്പമണ്ണയുടെ കഥാകവിതൾ ഓരോന്നും ദുഖത്തിന്റെ ഓരോ മുഖമാണ്.

പദബോധം, ശില്പബോധം,ആത്മാവിനെ കടഞ്ഞുണർത്തുന്ന അന്തർഭാവം എന്നിവയാൽപ്രകീർത്തിക്കപ്പെട്ട മഹത്തായ കൃതിയാണ് തിളച്ചഎണ്ണക്ക് തീപിടിച്ചാലെന്നപോലെ നിന്നകത്തുന്ന ഭാവതീവ്രതയുള്ള നങ്ങേമക്കുട്ടി .

അനുഭവങ്ങളുടെ ചൂളയിൽ പാകപ്പെട്ട ഒരു പിതൃഹൃദയത്തിന്റെമിടിപ്പ് കരുണാർദ്രമായ തലമുറകളെ ഉപദേശിച്ചുകൊണ്ടു ഈ കാവ്യത്തിൽ നിറഞ്ഞു നിൽക്കുന്നു – “തങ്ങൾതൻ വിണ്ടുപൊട്ടുന്ന മനസ്സിൽ ദുഖഃമൂകയായ് നിൽക്കവേ പോയിടാതവൾ അമ്മവെക്കുമടുപ്പിന്മേ-ലൊന്നുകിൽ ചോറ് വെന്തിടാ ;അല്ലെങ്കിൽ ചീഞ്ഞു വെന്തിടും !അച്ഛൻ തന്നോട്ടു കൂജയിൽ ആറിയാറിത്തണുത്തിടും നിന്നെപ്പറ്റി വിചാരിച്ചി-ട്ടൊക്കെയും കച്ചുപോയവർ കുട്ടീ, നിന്നച്ഛനമ്മമാർ ” “ഇരിക്കാനിടമില്ലാത്ത മണ്ണിലമ്മക്ക് ജീവിതം കാലിന്മേലായ കാരണം നങ്ങേമക്കുട്ടിത്തന് കുട്ടി ക്കില്ലല്ലോ ചായുറങ്ങുവാൻ അമ്മതൻ മടി കൂടിയും!” “

അവൾക്കു ശരണം തേടി മരണത്തിന്റെ കാൽക്കലും വയ്യല്ലോ ചെന്നു വീഴുവാൻ താൻ മരിക്കിൽ മരിക്കുന്നൂ ഹന്ത മറ്റൊരു ജീവിതം കൺമിഴിക്കാത്ത ജീവിതം തൻ പ്രണവല്ലിയിൽപ്പറ്റി-ത്തൂങ്ങുമസാധു ജീവിതം ഉള്ളിൽത്തട്ടി വിളിക്കവേ തളർന്നാലും തളർന്നീടാൻ പാടില്ലാഞ്ഞോരാവസ്ഥയിൽ അന്ധകാരത്തിലൂടവേ അനാഥമലയും കുട്ടി ” ഇങ്ങിനെ സംവേദനക്ഷമമായആഖ്യാനത്തിന്റെ സജീവമായ മാതൃകകൾ ഒട്ടേറെ ഈ കൃതിയിലുണ്ട്.

വീണ, കൽപ്പന, കിലുങ്ങുന്ന കയ്യാമം, കുളമ്പടി, കഥാകവിതകൾ, ദുഃഖമാവുക സുഖം, നിഴലാന, ജാലകപ്പക്ഷി, വരിനെല്ല് , സുഫല , റബ്ബർവൈഫും മറ്റു കവിതകളും, ഏഹീ സൂനരി , ഒലിച്ചുപോകുന്ന ഞാൻ, നിത്യകല്യാണി, ആനമൂത്ത് (കവിതാ സമാഹാരങ്ങൾ) നങ്ങേമക്കുട്ടി, പാഞ്ചാലി, തീത്തൈലം, അശരീരികൾ, ഇലത്താളം (ഖണ്ഡകാവ്യങ്ങൾ) അംബ ( ആട്ടക്കഥ) പതിംവര ( നാടക കാവ്യം) കഥകളിയുടെ രംഗശ്രീ ( ലേഖനങ്ങൾ) എന്നിവയാണ് കൃതികൾ.

കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിലിലും കേരള സംഗീതനാടക അക്കാദമി നിർവാഹകസമിതിയിലും കേരള കലാമണ്ഡലം ജനറൽ കൗൺസിലിലും അക്കാദമിക്‌ കൗൺസിലിലും അംഗമായിരുന്നു. കലാമണ്ഡലം വൈസ്‌ ചെയർമാൻ, ചെയർമാൻ എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, ഓടക്കുഴൽ അവാർഡ്‌, ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ലഭിച്ചു.

മലയാളകവിതയിൽഎല്ലാ അർത്ഥത്തിലും ഒറ്റയാനാണ് ഒളപ്പമണ്ണ. കുറിയകണ്ണുകൾ പാതിയടച്ച് തലപൊക്കി നിൽക്കുമ്പോഴും ഈ ഒറ്റയാൻ എല്ലാം കണ്ടുകൊണ്ടു,ആവശ്യമായവ നമുക്ക് ചൂണ്ടിക്കാണിച്ചു തന്നുകൊണ്ടു ആൾക്കൂട്ടത്തിലാണ്.അകന്നു നിന്ന് നോക്കുമ്പോൾ കുറിച്ചും ആട്ടിവീശുന്ന വാലിൻതുമ്പിലെ രോമത്തിന്റെനീളത്തെക്കുറിച്ചും ഒക്കെ മാത്രമേ നാം ഓർക്കുന്നുള്ളു.

ആ മസ്തകത്തിൽ ഒളിഞ്ഞിരിക്കുന്ന മുത്തിനെപലപ്പോഴും കാണുന്നില്ലെന്നുള്ളതാണ് ദുഃഖസത്യം. നിളയുടെ നാടിന്റെസംത്രാസങ്ങളെയും വിഹ്വലതകളെയും മലയാള കവിതയ്ക്ക് സമർപ്പിച്ച ഒളപ്പമണ്ണ അരനൂറ്റാണ്ടിലേറെപടർന്നു പന്തലിച്ചു വടവൃക്ഷം പോലെ കേരളീയ ജീവിതദശാസന്ധിയിൽ നിലകൊള്ളുന്നു. ആദരാഞ്ജലികൾ —

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News