ആത്മഹത്യയില്‍ അഭയം തേടുന്ന ഭീരുവല്ല ഞാന്‍; എന്‍റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാൻ നിൽക്കുന്നത്; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍

താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കുപ്രചരണങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം.

താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും തന്റെ കുടുംബം തകര്‍ന്നുവെന്നും പ്രചരിപ്പിക്കുന്ന ‘ഒരു നികൃഷ്ട ജീവി’ നവമാദ്ധ്യമങ്ങളിലൂടെ ഒരു പ്രചാരണം ആരംഭിച്ചു.

അത് കുറേയാളുകള്‍ ഏറ്റുപിടിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട ഒരു വീഡിയോയിലൂടെ പറയുന്നു. ആത്മഹത്യയില്‍ അഭയം തേടുന്ന ആളോ ഭീരുവോ അല്ല താനെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഏത് വിവരവും നല്‍കുമെന്ന് താന്‍ മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ചിട്ടവട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒരു തടസവുമില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘നമസ്കാരം. ഈ വീഡിയോ അൽപ്പം രസകരമാണ്. കാരണം, ഞാനിവിടെയുണ്ട് എന്ന് പറയേണ്ട അവസ്ഥയിലേക്ക് ചില മാദ്ധ്യമങ്ങളുടെ പ്രചരണം എത്തിപ്പെട്ടിട്ടുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു,

എന്റെ കുടുംബം തകർന്നുപോയി, തുടങ്ങിയ ദിവാസ്വപ്നങ്ങൾ പ്രചരിപ്പിക്കുന്ന ഒരു നികൃഷ്ടജീവി നവമാദ്ധ്യമങ്ങളിലൂടെ ഒരു പ്രചരണമാരംഭിച്ചു. അത് കുറേയാളുകളെങ്കിലും ഏറ്റുപിടിച്ചു. പാവപ്പെട്ട കുറേയാളുകൾ അത് വിശ്വസിച്ചിട്ടുണ്ടാകാം.

ഞാൻ പറയുന്നു, ഒരാത്മഹത്യയുടെയും മുന്നിൽ അഭയം പ്രാപിക്കുന്ന ഒരാളല്ല ഞാൻ. അത്ര ഭീരുവുമല്ല. ഏത് അന്വേഷണ ഏജൻസികളുടെ മുന്നിലും എപ്പോൾ വേണമെങ്കിലും ആവശ്യമായ വിവരങ്ങൾ നൽകാമെന്ന് ഞാൻ എന്നോ വ്യക്തമാക്കിയിട്ടുണ്ട്?

നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തും വ്യക്തമാക്കിയിട്ടുണ്ട്. അവരാവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അതിന്റെ ചിട്ടവട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാർഥ്യമാക്കുന്നതിൽ ഒരു തടസ്സവുമില്ല.

എന്നാൽ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടു കൂടി എന്റെ മരണം പോലും പ്രതീക്ഷിക്കുന്ന, മരണം പോലും ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രചരണം കൊണ്ടുവരുന്നത് എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിട്ട് ഞാൻ കരുതുന്നില്ല.

ആ സുഹൃത്തിനോട് ഞാൻ പറയുന്നു, നിങ്ങൾ അതിൽ പരാജയപ്പെടും. ഇതെന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാൻ നിൽക്കുന്നത്. ഞാൻ പത്ത് വയസിൽ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയൊരാളാണ്.

കഴിഞ്ഞ നാൽപത് വർഷക്കാലത്തെ വ്യത്യസ്തമായ അനുഭവങ്ങളിൽ, കഠിനവും ശക്തവും നല്ലതും ചീത്തയുമായിട്ടുള്ള അനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത ഒരു വ്യക്തിത്വമാണ് ഞാൻ. അതുകൊണ്ട് ഇത്തരം പ്രചരണങ്ങളുടെ മുന്നിൽ ഞാൻ തലകുനിച്ച് പോകുമെന്ന് പ്രതീക്ഷിക്കണ്ട. നിങ്ങളാരുമിത് വിശ്വസിക്കേണ്ടതില്ല. ഇതെല്ലാം ശുദ്ധകളവാണ്, ശുദ്ധ അസംബന്ധമാണ്.

എനിക്ക് അൽപ്പം പനിപിടിച്ചിട്ടുണ്ട്. അത് സത്യാണ്. ഞാൻ പനിപിടിച്ച്, ഇന്ന് പകൽസമയത്ത് വിശ്രമത്തിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് ഈ വാർത്ത പ്രചരിക്കുന്ന വിവരം ഞാൻ അറിഞ്ഞത്. അത് തള്ളിക്കളയുക.

ഈ…ഇത്തരത്തിലുള്ള കുപ്രചരണങ്ങളെ തള്ളിക്കളയുന്നതിനോടൊപ്പം ഈ അധമ മാദ്ധ്യമപ്രവർത്തനം നടത്തുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നുള്ളത് കേരളം തീരുമാനിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ആവശ്യപ്പെടുന്നു. നന്ദി.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News