പ്ലൈവുഡ് കമ്പനിയുടെ മറവില്‍ 35 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; 2 പെരുമ്പാവൂര്‍ സ്വദേശികള്‍ പിടിയില്‍

പ്ലൈവുഡ് കമ്പനിയുടെ മറവില്‍ 35 കോടി രൂപയുടെ ജി.എസ്.ടി വെട്ടിച്ച് പെരുമ്പാവൂര്‍ സ്വദേശികള്‍.

സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ എ.ആര്‍ ഗോപകുമാര്‍ (49), ഇ.കെ റഷീദ് (37) എന്നിവരെ ജി.എസ്.ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

വ്യാജ ഇന്‍വോയ്‌സുകള്‍ നല്‍കി അനര്‍ഹമായ ജി.എസ്.ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നേടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്.

വ്യാപാരികളുടെയും തൊഴിലാളികളുടെയും പേരില്‍ 14 വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകളിലായി 200 കോടി രൂപയുടെ ബില്ലുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.

ഇവരെ സാമ്പത്തിക കുറ്റാന്വേഷണ കോടതി റിമാന്‍ഡ് ചെയ്തു. ജി.എസ്.ടി ഇന്റലിജന്‍സ് ഓഫിസര്‍ ആര്‍. വൈശാഖിന്റെ നേതൃത്വത്തിലാണ് ഇരുവരേയും പിടികൂടിയത്.

സീനിയര്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരായ ജി. ബാലഗോപാല്‍, കെ. ഹരീന്ദ്രന്‍, ഇന്റലിജന്‍സ് ഓഫിസര്‍മാരായ ജിജോ ഫ്രാന്‍സിസ്, വി.എസ്. വൈശാഖന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

അന്വേഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 24ന് കോയമ്പത്തൂര്‍, പെരുമ്പാവൂര്‍ മേഖലകളില്‍ കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍ ജി.എസ്.ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ വ്യാജ ഇന്‍വോയിസുകളും ഇവേ ബില്ലുകളും കണ്ടെത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ ഇരുവരും പിടിയിലായത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.

പ്രാഥമിക അന്വേഷണത്തില്‍ 200 കോടി രൂപ മൂല്യം വരുന്ന ഇന്‍വോയ്‌സുകള്‍ വിവിധ ജി.എസ്.ടി രജിസ്‌ട്രേഷനുകള്‍ക്ക് നല്‍കിയതായി വ്യക്തമായി. ഇതിലൂടെ 35 കോടിയുടെ വ്യാജ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റാണ് മുതലാക്കിയത്.

പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചിരുന്ന രണ്ടു പ്രതികളും 14 ജി.എസ്.ടി രജിസ്‌ട്രേഷനുകളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇതിലേറെയും പാവപ്പെട്ട തൊഴിലാളികളുടെയും മറ്റും പേരുകളിലുമാണ്.

ഇരുവരേയും എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കി 11 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

രാജ്യത്ത് ആദ്യമായി ജി.എസ്.ടി തട്ടിപ്പ് പിടികൂടിയത് പെരുമ്പാവൂരിലായിരുന്നു. അന്ന് 130 കോടിയുടെ തട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജന്‍സ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News