മഹാരാഷ്ട്രയിൽ  ലോക്ക് ഡൗൺ അനിവാര്യമോ? ഇന്ന് സർവ്വ കക്ഷിയോഗം  

മഹാരാഷ്ട്രയിൽ  കോവിഡ് രോഗ വ്യാപനം അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ  സ്ഥിതിഗതികൾ  വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ   സർവകക്ഷി യോഗം വിളിച്ചു.

ആശുപത്രിയിലും കോവിഡ് കേന്ദ്രങ്ങളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം  അഞ്ചുലക്ഷം പിന്നിട്ടതും വലിയ ആശങ്കയാണ് പടർത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് പ്രതിദിനം  അര ലക്ഷത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നത്.  ജനുവരി ഫെബ്രുവരി മാസങ്ങളിൽ 3000 വരെ എത്തിയിരുന്ന രോഗവ്യാപനം പിന്നീട് മാർച്ച് മാസത്തോടെയാണ് ഗുരുതരാവസ്ഥയിലേക്ക് മാറിയത്.  കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ് വന്നിരിക്കുന്നത്.

നിലവിലെ  സാഹചര്യം എങ്ങനെ മറികടക്കാം എന്നാലോചിക്കാനാണ് മുഖ്യമന്ത്രി  സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ലോക്ക് ഡൌൺ സംബന്ധിച്ചും യോഗത്തിൽ തീരുമാനിക്കും. സമ്പൂർണ ലോക്ക് ഡൗണിനെ ആരും പിന്തുണയ്ക്കുന്നില്ല.

വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച കാലത്തു വരെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൌൺ തന്നെ വേണ്ടെന്നാണ് ബി.ജെ.പി.യുടെ അഭിപ്രായം. കോവിഡ് വ്യാപിക്കുന്ന പ്രദേശങ്ങളിൽമാത്രം മൈക്രോ കൺടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രിയും ആവശ്യപ്പെട്ടത്.

ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ സംസ്ഥാനത്ത് ലോക്ക് ഡൌൺ അല്ലാതെ വേറെ മാർഗ്ഗമില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപ്പെ അടക്കമുള്ളവരുടെ അഭിപ്രായം. എന്നാൽ അത്തരമൊരു അവസ്ഥയിലേക്ക് പോകില്ലെന്ന ശുഭാപ്തിവിശ്വാസവും  ആരോഗ്യമന്ത്രി പ്രകടിപ്പിച്ചു.

ആശുപത്രികളിൽ  അടിസ്ഥാന സൗകര്യങ്ങൾ  വർധിപ്പിക്കേണ്ട സാഹചര്യമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു വെല്ലുവിളി. സ്വകാര്യ ആശുപത്രികളിൽ വരെ പുതിയ രോഗികൾക്ക് ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

 ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകാനുള്ള റംഡെസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിലാണ് വിൽക്കുന്നത്. പത്തിരട്ടിയിലധികം വിലയാണ് പലരും ഈടാക്കുന്നത്. കൂടാതെ  രോഗികൾക്ക് ആവശ്യത്തിന് വെന്റിലേറ്റർ സൗകര്യം  ഇല്ലാത്തതും നഗരത്തിലെ ആശുപത്രികൾ നേരിടുന്ന പ്രതിസന്ധിയാണ് .

ഇത്തരം സാഹചര്യത്തിൽ ലോക്ക് ഡൌൺ അല്ലാതെ  മറ്റ് മാർഗങ്ങളില്ലെന്നും ടോപ്പെ അഭിപ്രായപ്പെട്ടു.  അതേസമയം സംസ്ഥാനത്ത് മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന അഭിപ്രായമാണ് മന്ത്രി വിജയ് വടേത്തിവാറിന്റേത്.

ജനങ്ങളുടെ ജീവൻ രക്ഷിക്കണമെങ്കിൽ ലോക്ക് ഡൌൺ അനിവാര്യമാണെന്നും   ഇക്കാര്യം താൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഇതിന് തടയിടാൻ വാരാന്ത്യ ലോക്ഡൗൺകൊണ്ട് മാത്രം പ്രയോജനമില്ല. 3 ആഴ്ചയെങ്കിലും പൂർണ ലോക്ഡൗൺ ആണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here