രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം

രാജ്യത്ത് കൊറോണ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ആശങ്കയിൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. പഞ്ചാബിൽ 3 ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമേ ഉള്ളുവെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്.

കോവിഡ്‌ രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക്‌ നീങ്ങുമ്പോഴാണ് ആവശ്യത്തിന്‌ വാക്‌സിൻ കിട്ടാതെ പല സംസ്ഥാനവും കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പല ജില്ലകളിലും വാക്‌സിൻ വിതരണം നിർത്തിവച്ചു.മുംബൈ നഗരത്തിൽ മാത്രം 70ഓളം വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്.

വാക്‌സിൻ ക്ഷാമത്തെ തുടർന്ന് ഒഡിഷയിലും പലയിടത്തും വാക്‌സിൻകേന്ദ്രങ്ങള്‍ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ്‌ വാക്‌സിൻ വേണമെന്ന് ആവശ്യപ്പെട്ട്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കൽ ശേഷിക്കുന്നത്‌ അഞ്ചര ദിവസത്തേക്കുള്ള വാക്‌സിൻമാത്രമാണ്. ആന്ധ്രയിൽ വാക്‌സിൻ ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രവും ബിഹാറിൽ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡിൽ 2.9 ദിവസത്തേക്കുംമാത്രം ശേഷിക്കുന്നു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ്‌ വാക്‌സിനാണ് .

ഇതില്‍ 9.16 കോടി ഡോസ്‌ കുത്തിവച്ചു. മഹാരാഷ്ട്രയിൽ 3.8 ദിവസത്തേക്കും യുപിയിൽ 2.5 ദിവസത്തേക്കും ഒഡിഷയിൽ 3.2 ദിവസത്തേക്കുമുള്ള വാക്‌സിൻ മാത്രമാണ് ശേഷിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ദില്ലിയിൽ 7 ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവൽ വ്യക്തമാക്കി.പഞ്ചാബിൽ 3 ദിവസത്തേക്കുള്ള ഡോസ് മാത്രമാണ് നിലവിലുള്ളതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

പൊതുമേഖലാ വാക്‌സിൻ നിർമാണശാലകൾ പൂട്ടിയതും കോവിഡ്‌ വാക്‌സിന് പൂർണമായും സ്വകാര്യമേഖലയെ ആശ്രയിച്ചതും, ആഭ്യന്തര സ്ഥിതി പരിഗണിക്കാതെ വലിയതോതിൽ വാക്‌സിൻ കയറ്റുമതി ചെയ്‌തതുമാണ് രാജ്യത്ത് വാക്‌സിൻ ക്ഷാമത്തിനിടയാക്കിയത് . ആഭ്യന്തരമായി 10 കോടി വാക്‌സിൻ നൽകിയപ്പോൾ കയറ്റുമതി ചെയ്‌തത്‌ 6.45 കോടി ഡോസാണ്.

രാജ്യത്ത് ക്ഷാമം നേരിട്ടതോടെ കയറ്റുമതിയിൽ കേന്ദ്രം നിലവിൽ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുമെന്നേറ്റ് മരുന്ന് കമ്പനികൾ രംഗത്തെത്തി. ഏപ്രിൽ 11 മുതൽ 14 വരെ വാക്‌സിൻ ഉത്സവം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തിരുന്നെങ്കിലും അതിനു വിപരീത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News