മമതയോട്‌ കണക്കുചോദിക്കാന്‍ സിം​ഗൂര്‍; യുവതയുടെ ശബ്ദമായി ശ്രീജന്‍ ഭട്ടാചാര്യ

തൊഴില്‍ രഹിതരായ ആയിരങ്ങളുടെ പ്രതീക്ഷ തല്ലിത്തകർത്തവരോട് പ്രതികാരം വീട്ടാനാണ് സിംഗൂർ ശനിയാഴ്ച ബൂത്തിലേക്ക് നീങ്ങുന്നത്. സിം​ഗൂര്‍ യുവതയുടെ പ്രതികാരത്തിന്റെ തീജ്വാല കത്തിക്കാനുള്ള നിയോ​ഗമേറ്റുവാങ്ങി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് ഇടതുമുന്നണി സംയുക്ത മോർച്ചയ്ക്കായി മത്സരരം​ഗത്തുള്ളത്.

പതിനായിരങ്ങള്‍ക്ക്‌ തൊഴില്‍ സൃഷ്ടിക്കുമായിരുന്ന ടാറ്റ നാനോ കാർ പദ്ധതി രാഷ്ട്രീയ മുതലെടുപ്പിനായി അട്ടിമറിച്ചാണ് മമതയും തൃണമൂലും സിം​ഗൂരിനെ വഞ്ചിച്ച് അധികാരമേറ്റത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കി അധികാരത്തിലെത്തിയ മമത അന്നു നല്‍കിയ ഒറ്റവാക്കുപോലും പാലിക്കപ്പെട്ടില്ല. പത്തു വർഷം ഭരിച്ചിട്ടും സിംഗൂരില്‍ ഏറ്റെടുത്ത ഭൂമി കാടുകയറി കിടക്കുന്നു. വ്യവസായവുമില്ല, കൃഷിയുമില്ല. അധികാരത്തിലെത്തിയാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് സിം​ഗൂരില്‍ വ്യവസായം പുനരാരംഭിക്കുമെന്നതാണ് ഇടതുമുന്നണിയുടെ പ്രഖ്യാപനം. കാർ ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്ത് സിപിഐ എം സംഘടിപ്പിച്ച കാല്‍നടപ്രചാരണജാഥയില്‍ ആയിരങ്ങള്‍ അണിനിരന്നു.

നാലു തവണ തുടർച്ചയായി സിംഗൂരിലെ എംഎല്‍എയും മമത മന്ത്രിസഭയിലെ അംഗവും വ്യവസായവിരുദ്ധ പ്രക്ഷോഭനായകനുമായ രബീന്ദ്രനാഥ് ഭട്ടാചര്യ ഇത്തവണ അവിടെ ബിജെപി സ്ഥാനാർഥി. തൊട്ടടുത്ത മണ്ഡലമായ ഹരിപാലിലെ എംഎല്‍എയായിരുന്ന വ്യവസായ വിരുദ്ധ പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ബച്ചാറാമിനെ മമത സിം​ഗൂരില്‍ ഇറക്കി. ഹരിപാല്‍ സീറ്റ് അയാളുടെ ഭാര്യക്ക് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here