രണ്ടുരോഗികള്‍ക്ക് ഒരേസമയം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേസമയം രണ്ടുരോഗികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ജോനകപ്പുറം സ്വദേശി അക്സനോയുടെ വൃക്കകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ക്ക് മാറ്റിവച്ചത്.

ശനിയാഴ്ച രാവിലെയാണ് ഒരേസമയം രണ്ടു രോഗികള്‍ക്കും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കഴക്കൂട്ടം മേനംകുളം സ്വദേശി രോഹിത് മാത്യു (24), കിളിമാനൂര്‍ കൊടുവഴന്നൂര്‍ സ്വദേശി സുബീഷ് (32) എന്നിവര്‍ക്കാണ് വൃക്കമാറ്റിവച്ചത്. ജന്മനാതന്നെ വൃക്കസംബന്ധമായ അസുഖമുള്ള രോഹിത് നേരത്തേ ഒരുതവണ വൃക്ക മാറ്റിവച്ചതാണ്.

രണ്ടു വൃക്കകളും ചുരുങ്ങി പ്രവര്‍ത്തനക്ഷമമല്ലാതായതോടെയാണ് സുബീഷിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. യൂറോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ വാസുദേവന്‍, ഡോ സതീഷ് കുറുപ്പ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായാണ് ഒരേസമയം രണ്ടുവൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടുത്തിടെ സജ്ജമാക്കിയിട്ടുള്ള ആധുനിക ചികിത്സാസംവിധാനങ്ങള്‍ ഒരേസമയം ശസ്ത്രക്രിയകള്‍ നടക്കുന്നതിന് സഹായകരമായി. അര്‍ഹതപ്പെട്ടവര്‍ക്ക് ഇടനിലക്കാരൊന്നുമില്ലാതെ വൃക്കമാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി കഴിയുന്നുവെന്നത് സാധാരണക്കാരായ രോഗികള്‍ക്ക് പ്രതീക്ഷയേകുന്നതാണെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പ്രതികരിച്ചു. വൃക്ക നല്‍കിയ അക്സനോയുടെ കുടുംബാംഗങ്ങളെ അവര്‍ നന്ദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News