ദേശീയ പുരസ്ക്കാരനിറവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

ദേശീയ പുരസ്ക്കാരനിറവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. രണ്ടായിരത്തി പത്തൊമ്പത് ഇരുപത് കാലഘട്ടത്തിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻദയാൽ ഉപാധ്യായ പുരസ്ക്കാരമാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് തിരുവനന്തതപുരം ജില്ലാ പഞ്ചായത്തിനെ തേടി ദേശീയ പുരസ്കാരം എത്തുന്നത്.

തിരുവനന്തപുരം ജില്ലയെ സമ്പൂർണ വിശപ്പ് രഹിത ജില്ലയാക്കി മാറ്റിയ പാഥേയം പദ്ധതി,മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടിയുള്ള സ്നേഹസ്പർശം, ഓരോ ക്ലാസ് മുറികൾക്കും ലൈബ്രറികൾ നിർമ്മിച്ച് നൽകിയ സർഗവായന സമ്പൂർണ വായന, വ‍ഴിയമ്പലം, പെണ്‍കുട്ടികൾക്ക് വേണ്ടിയുള്ള മാനസ പദ്ധതി.

വിഷരഹിത പാൽ ലഭ്യമാക്കുന്ന ഗ്രീൻ മിൽക്ക്,വൃക്കരോഗികൾക്ക് സൗജന്യ ഡയാലീസീസ് ഒരുക്കിയ ആശ്വാസ് തുടങ്ങിയ ഒട്ടേറെ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതാണ് ജില്ലാ പഞ്ചായത്തിനെ രണ്ടാം തവണയും ദേശീയ പുരസ്ക്കാരത്തിന് അർഹനാക്കിയത്.

സംസ്ഥാന സർക്കാരിന്‍റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും തുടർച്ചയായ മൂന്ന് തവണയും തിരുവനന്തപുരത്തിനായിരുന്നു. ഇങ്ങനെ പുരസ്ക്കാരങ്ങളുടെ നിറവിലായിരുന്നു ക‍ഴിഞ്ഞ അഞ്ച് വർഷവും. കൂട്ടായ ശ്രമത്തിന്‍റെ ഫലമാണ് പുരസ്ക്കാരമെന്ന് ക‍ഴിഞ്ഞ ഭരണസമിതി പ്രസിഡന്‍റ് വികെ മധു പറഞ്ഞു.

ആദ്യമായി ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിന് ഗിന്നസ് ലോക റെക്കോഡ് ലഭിച്ചതുൾപ്പടെയുള്ള അപൂർവ്വ നേട്ടവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ തേടി എത്തിയിട്ടുണ്ട്.

പെണ്‍കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്ന രക്ഷാ പദ്ധതിക്കാണ് ഗിന്നസ് റെക്കോഡ് ലഭിച്ചത്. പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ക‍ഴിഞ്ഞ ഭരണസമിതിയുടെ നേട്ടം ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനമാണെന്നും നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ സുരേഷ്കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here