ലിവിങ്‌ ടുഗദറിൽ ഉണ്ടാകുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി

ലിവിംഗ് ടുഗദർ ബന്ധത്തിൽ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് . ‘ഒപ്പം ജീവിച്ചിരുന്ന പുരുഷൻ ഉപേക്ഷിച്ച ഘട്ടത്തിൽ കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും പിന്നീട് മറ്റൊരു ദമ്പതികൾക്ക് ദത്ത് എടുക്കാൻ അനുവദിക്കുകയും ചെയ്‌ത നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താക്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ സുപ്രധാന വിധി.

സമൂഹത്തിൽ ഒറ്റപ്പെട്ട ഇത്തരം സ്തികളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 2018ൽ പ്രളയകാലത്ത് ഒന്നിച് ജീവിക്കാൻ തീരുമാനമെടുത്ത യുവതിയും യുവാവിനും കുട്ടി ജനിച്ചു. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല സർക്കാർ ആശുപത്രിയിലായിരുന്നു പ്രസവം.ആശുപത്രി രേഖകളിൽ കുട്ടിയുടെ പിതാവിൻ്റെ പേരും നൽകിയിരിന്നു. പിന്നിട് യുവാവ് ബന്ധത്തിൽ നിന്ന് അകന്നു. സിനിമയിലഭിനയിക്കാൻ കർണ്ണാടകത്തിലേക്ക് പോകുകയായിരുന്നു. ശിശുക്ഷേമസമിതിയിൽ അമ്മ ഏൽപ്പിച്ച കുട്ടിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുടുംബകോടതി അനുമതിയോടെ മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകി. തിരിച്ചെത്തിയ പിതാവ് കുട്ടിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് ഹരജി നൽകിയെങ്കിലും ദത്തെടുക്കൽ നടപടി നിയമാനുസൃതമാണന്ന് കോടതി വിലയിരുത്തി.

എന്നാൽ ശിശുക്ഷേമ സമിതിയുടെ നടപടികൾ പുനപ്പരിശോധനക്ക് വിധേയമാക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ബലാൽസംഘ കേസുകളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ പിതാവ് ആരെന്ന് കണ്ടെത്തണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.അമ്മ സ്വമേധയ ഏൽപ്പിച്ച കുട്ടിയായതിനാൽ പിതാവിൻ്റെ സമ്മതം കണക്കിലെടുക്കാൻ ശിശുക്ഷേമ സമിതിക്ക് ബാദ്ധ്യതയുണ്ടന്ന് കോടതി പറഞ്ഞു. അതിനാൽ കുട്ടിയെ അച്ഛനും അമ്മക്കം തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വിവാഹബന്ധത്തിൽ ജനിച്ച കുട്ടിക്ക് ലഭിക്കേണ്ട അവകാശമാണിതെന്നും കോടതി പറഞ്ഞു.

മാതൃത്വത്തിൻ്റെ മഹത്വം വിലമതിക്കാനാവാത്തതാണന്നും ദേവതകളെ പൂജിക്കുന്ന ഈ രാജ്യത്ത് മാതൃത്വത്തിൻ്റെ മഹത്വം തിരിച്ചറിയേണ്ടതുണ്ടന്നും മനുസ്മൃതിയിലെ ഉദ്ധരണികൾ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ഒറ്റപ്പെടുന്ന അമ്മമാരെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. സാമൂഹ്യ സാഹചര്യങ്ങളുടെ പ്രേരണ മൂലമാണ് അമ്മക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നതെന്നും മാതൃത്വത്തിൻ്റെ വിലയും മഹനീയതയും കാണാതിരിക്കാനാവില്ലന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here