സമുദ്രാതിര്‍ത്തി കടന്നുള്ള യുഎസ് കപ്പല്‍പടയുടെ അഭ്യാസം: ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള അന്യായ വെല്ലുവിളി: സിപിഐ എം

അമേരിക്കന്‍ നാവികസേനയുടെ ഏഴാം വ്യൂഹം ലക്ഷദ്വീപിനു സമീപം ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയായ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്നത് രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള അന്യായമായ വെല്ലുവിളിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

‘സമുദ്രാതിര്‍ത്തിയുടെ കാര്യത്തില്‍ ഇന്ത്യയുടെ അതിരുവിട്ട അവകാശവാദം’ വെല്ലുവിളിച്ചായിരുന്നു ഈ അഭ്യാസമെന്ന് ഏഴാം കപ്പല്‍പട പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയുടെ കാപട്യം വ്യക്തമാണ്. ഇന്ത്യ ഒപ്പിട്ട, കടല്‍നിയമങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രഖ്യാപനത്തില്‍ അമേരിക്ക ഒപ്പുവച്ചിട്ടില്ല; അതേസമയം രാജ്യാന്തരനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു.

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കടക്കാന്‍ ഇതര രാജ്യങ്ങളുടെ യുദ്ധകപ്പലുകള്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമവ്യവസ്ഥ ഉറപ്പിക്കുന്ന വിഷയത്തില്‍ മോഡിസര്‍ക്കാര്‍ അമേരിക്കയോട് മൃദുവായാണ് പ്രതികരിച്ചത്.

ഇതുപോലും അമേരിക്ക അംഗീകരിച്ചില്ല. രാജ്യതാല്‍പര്യങ്ങള്‍ അടിയറവച്ച് ക്വാഡ് സഖ്യത്തില്‍ ചേര്‍ന്നതുവഴി മോഡിസര്‍ക്കാര്‍ അമേരിക്കയുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഇന്‍ഡോ–പസിഫിക് മേഖലയില്‍ അമേരിക്കന്‍ യാനങ്ങള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ അവകാശമുണ്ടെന്ന വാദം അംഗീകരിച്ചുകൊടുക്കുന്നു.

ഈ മേഖലയിലെ അമേരിക്കയുടെ ശിങ്കിടിയായാണ് ഇന്ത്യയെ അമേരിക്കന്‍സേന പരിഗണിക്കുന്നത്. ഏഴാം കപ്പല്‍പട നല്‍കുന്ന സന്ദേശം ഇതാണ്. ആത്മാഭിമാനവും രാജ്യത്തിന്റെ പരമാധികാരത്തോട് കൂറുമുണ്ടെങ്കില്‍ ക്വാഡ് സഖ്യം ഉപേക്ഷിക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറാണമെന്ന് പിബി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here