കൂട്ടുകാരനെ കൊന്ന് കൊക്കയിൽ തള്ളിയ കേസ്‌; പ്രതി പിടിയിൽ

കൂട്ടുകാരനെ കൊന്ന് ആൾപ്പാർപ്പില്ലാത്ത പ്രദേശത്തെ കൊക്കയിൽ തള്ളിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ ആലപ്പുഴ നൂറനാട് ആദിക്കാട് കുളങ്ങര പൊന്മാന കിഴക്കേത്ത് താജുദ്ദീൻ്റെ മകനും എടരിക്കോട് പുതുപ്പറമ്പിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനുമായ നൗഫൽ (18)ൻ്റെ മൃതദേഹം കണ്ടെന്നുന്നത്. കേസിലെ പ്രതി വഴിക്കടവ് ഒറ്റയിൽ അസ്ലം ബാഷയുടെ മകനും എടരിക്കോട് ഒറ്റത്തെങ്ങിനു സമീപം താമസക്കാരനുമായ മുഹമ്മദ് സൽമാൻ (22) വേങ്ങര പൊലീസിന്റെ പിടിയിലായി.

സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ. കഴിഞ്ഞ മൂന്നിനു വൈകുന്നേരം അഞ്ചരയോടെ മുഹമദ് സൽമാൻ , നൗഫൽ താമസിക്കുന്ന ക്വോർട്ടേഴ്‌സിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇരുവരും ബെെെക്കിൽ ഊരകം മലയിലെ എരുമപ്പാറയിൽ എത്തുകയും ഇരുവരും കഞ്ചാവ് വലിക്കുകയും ചെയ്‌തു. ലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മുഹമ്മദ് സൽമാൻ, നൗഫലിനെ അടിച്ചുവീഴ്ത്തി. നീണ്ട മുടിയുള്ള നൗഫിലിൻ്റെ തല മൂന്നു തവണ പാറയിൽ ഇടിച്ചതിനാൽ മാരകമായ മുറിവുണ്ടാവുകയും രക്തം വാർന്ന് നൗഫൽ മരിക്കുകയും ചെയ്‌തു. പിന്നീട് നൗഫലിനെ താഴേക്ക് തള്ളിയിട്ടു. എന്നാൽ മൃതദേഹം പുല്ലിൽ തടഞ്ഞു നിന്നു. വീണ്ടും മുഹമ്മദ് സൽമാൻ താഴെയെത്തി നാല്പത് മീറ്ററോളം താഴ്ച്ചയിലേക്ക് വലിച്ചിഴച്ചു കൊണ്ട്‌ പോയി ക്കിടത്തി.

തുടർന്ന് ഒറ്റത്തെങ്ങിൽ ബൈക്കിലെത്തിയ സൽമാൻ ഉമ്മയെക്കൂട്ടി ബാപ്പയുടെ നാടായ മൈസൂരിലേക്കു പോയി. അതേ സമയം നൗഫൽ വീട്ടിലെത്താത്തതിനാൽ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി. വീണു കിടന്ന നൗഫലിൻ്റെ ഫോൺ ഊരകം മലയിൽ നാട്ടുകാരിൽ ഒരാൾക്ക് ലഭിക്കുകയും ഫോൺ ബല്ലടിക്കുന്നത് അദ്ദേഹം എടുക്കുയും ചെയ്‌തു. തുടർന്നാണ് നാട്ടുകാരുടെ അന്വേഷണം എരുമപ്പാറയിലേക്കെത്തുന്നത്. ഫോൺ ഊരകം മലയിൽ നിന്നും ലഭിച്ചുവെന്നറിഞ്ഞ് നൗഫലിൻ്റെ ഉമ്മ നാലിന് വൈകീട്ട് വേങ്ങര സ്റ്റേഷനിൽ മകനെ കാണാനില്ലെന്ന പരാതിയുമായെത്തി. അതേ സമയം തന്നെ വഴിയിൽ രക്തക്കറ കണ്ട നാട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു.

പൊലീസും ഫയർഫോഴ്‌സുമെത്തി മൃതദേഹം കയറ്റി. അഞ്ചിനു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മാർട്ടത്തിൽ തല പാറയിൽ ഒന്നിലധികം തവണ ബലമായി ഇടിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. നൗഫലിനെ വിളിച്ചു കൊണ്ടുപോയത് മുഹമ്മദ്‌ സൽമാൻ തന്നെയാണെന്നിരിക്കെ പൊലീസിൻ്റെ അന്വേഷണം ആ വഴിക്കു തന്നെ നീങ്ങി. സൽമാന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഉമ്മയുടെ ഫോണിൽ വിളിച്ച് നൗഫൽ എവിടെ എന്ന് അന്വേഷിച്ചപ്പോൾ മൂന്നാം തീയതി രാത്രി പത്തോടെ നൗഫലിനെ വീട്ടിൽ വിട്ടു എന്നായിരുന്നു മറുപടി. തുടർന്ന് സ്റ്റേറ്റ്മെൻ്റ് എടുക്കുന്നതിന് ഹാജരാകണം എന്നാവശ്യപ്പെട്ടതിിനെ തുടർന്നാണ് പ്രതി വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. വെള്ളിയാഴ്ച്ച അറസ്റ്റു ചെയ്‌ത് മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കേസന്വേഷണത്തിനായി നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. അന്വേഷണത്തിൻ്റെ ഭാഗമായി ശനിയാഴ്ച്ച പകൽ 11ന് ഊരകം എരുമപ്പാറയിലും തുടർന്ന് പുതുപ്പറമ്പിലെ നൗഫലിൻ്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി .മലപ്പുറം ഡി വൈ എസ് പി കെ സുദർശനൻ , വേങ്ങര സി ഐ എ ആദം ഖാൻ ,വേങ്ങര എസ് ഐ ബാലചന്ദ്രൻ , സീനിയർ സി പി ഒ മാരായ സിനീഷ് , ഷിജു, സുബൈർ എന്നിിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel